ഇന്ത്യയിലെ ഏറ്റവുംവലിയ
മെസ്സിയുടെ കട്ടൗട്ട് മലപ്പുറത്ത്

Breaking Keralam Local Sports

മലപ്പുറം: ഖത്തര്‍ ലോകക്കപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവുംവലിയ മെസ്സിയുടെ കട്ടൗട്ട് മലപ്പുറത്ത് ഉയര്‍ന്നു.
മലപ്പുറം എടക്കരയില്‍ ഉയര്‍ന്ന മെസ്സിയുടെ കട്ടൗട്ടാണ് നിലവില്‍ ഇന്ത്യയില്‍വെച്ചുതന്നെയുള്ള മെസ്സിയുടെ കൂറ്റന്‍കട്ടൗട്ടെന്ന അവകാശ വാദവുമായി അര്‍ജന്റീന ആരാധകരാണ് രംഗത്തുവന്നത്.


തങ്ങള്‍ രാജ്യത്തെ വിവിധ ഫാന്‍സുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും തുടര്‍ന്നാണ് ഇക്കാര്യം ഉറപ്പുവരുത്തിയതെന്നും അര്‍ജന്റീന ഫാന്‍സ് ഭാരവാഹി അന്‍വര്‍ പിച്ചു പറഞ്ഞു. ഇന്നലെ രാവിലെ ഈകട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകര്‍ന്നു വീണിരുന്നു. എന്നാല്‍ വൈകിട്ടു ഏഴുമണിയോടെ പുന:സ്ഥാപിച്ചു. ആരാധകര്‍ മുണ്ടഅങ്ങാടിയില്‍ കട്ടൗട്ട് കയറ്റുന്നതിനിടയിലാണ് മുകള്‍ ഭാഗം അടര്‍ന്ന് താഴേക്ക് വീണത്. ഉടന്‍തന്നെ ആരാധകരുടെ നേതൃത്വത്തില്‍ പൊട്ടി വീണ ഭാഗം നിലം പതിക്കാതെ സംരക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. ഏകദേശം 68 അടിയോളം ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് സ്ഥാപിക്കുന്നതിനിടയില്‍ തകര്‍ന്ന് വീണത്. പ്രദേശത്ത് അര്‍ജന്റീന ആരാധകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കട്ട് ഔട്ട് നിര്‍മിക്കുന്നതിനു വേണ്ടിയുള്ള പണിപ്പുരയില്‍ ആയിരുന്നു. തുടര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കട്ടൗട്ട് വലിയ ആവേശത്തോടെയും ആരവത്തോടയും മുണ്ടയിലെ അങ്ങാടിയില്‍ എത്തിച്ചത്.

വലിയ ആര്‍പ്പുവിളിയോടെ മെസ്സിയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടയിലാണ് കയര്‍ തകരാറിലായതിനെ തുടര്‍ന്ന് മെസ്സിയുടെ തലഭാഗം പൊട്ടി താഴേക്ക് വീണത്. 98,000രൂപ ചെലവഴിച്ചാണ് തങ്ങള്‍ ഈകട്ടൗട്ട് നിര്‍മിച്ചതെന്നും ഇതിന്റെ ഇന്‍ഡസ്ട്രീല്‍ ജോലി ഉള്‍പ്പെടെ അര്‍ജന്റീന ആരാധകര്‍ സൗജന്യമായാണ് ചെയതതെന്നും പണിക്കൂലി കൂടി ഉള്‍പ്പെടുത്തിയാല്‍ കൗട്ടൗട്ട് സ്ഥാപിക്കാന്‍ 1.30ലക്ഷംരൂപ ചെലവ് വന്നിട്ടുണ്ടെന്നും കൗട്ടൗട്ട് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ അര്‍ജന്റീന ആരാധകന്‍ അന്‍വര്‍ പിച്ചു പറഞ്ഞു. ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കട്ടൗട്ട് ഇതാണെന്നും തങ്ങള്‍ ഇക്കാര്യം അന്വേഷിച്ചു മനസ്സിലാക്കിയതാണെന്നും അന്‍വര്‍ പറഞ്ഞു.
ക്രെയിന്‍ ഉപയോഗിച്ചാണ് കൗട്ടൗട്ട് സ്ഥാപിച്ചത്.


ആദ്യം സ്ഥാപിച്ച കട്ടൗട്ട് തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായതോടെയാണ് രാത്രി ഏഴുമണിയോടെ കട്ടൗട്ട് പുനര്‍നിര്‍മാണം നടത്തി അതേ സ്ഥലത്ത് തന്നെ വീണ്ടും സ്ഥാപിച്ചത്.
കേരളത്തില്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഫാന്‍സ് സ്ഥാപിച്ചത് രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ടുകളാണ് വലിയ ചര്‍ച്ചയായിരുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മലപ്പുറം ചെറുമുക്കില്‍ നെയ്മറു 24അടി ഉയരത്തിലുള്ള കൗട്ടൗട്ട് ഉയര്‍ന്നിരുന്നു.


കൗട്ടൗട്ട് സ്ഥാപിക്കാന്‍ അര്‍ജന്റീന ഫാന്‍സ് ഭാരവാഹികളായ അന്‍വര്‍ പിച്ചു, നവാഫ് മോനു, ജാഫര്‍ കുട്ടത്ത്, സഫുവാന്‍ മുത്തു, മഹ്‌റൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.