12 ലക്ഷം കുട്ടികള്‍ നാളെ മദ്രസകളിലേക്ക്

Breaking Education India Keralam Local News Religion

ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് നാളെ മദ്‌റസകള്‍ തുറക്കുമ്പോള്‍ 12 ലക്ഷം കുട്ടികളാണ് അറിവ് നുകരാന്‍ മദ്‌റസകളില്‍ എത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10771 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികള്‍ മദറസകളിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലാണ് ഈ വര്‍ഷത്തെ മദ്‌റസ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല, റെയ്ഞ്ച് മദ്‌റസ തലങ്ങളില്‍ വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. കഴിഞ്ഞ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കുന്നതിനും പുതുതായി മദ്‌റസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനും പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിച്ചുമാണ് ‘മിഹ്‌റജാനുല്‍ ബിദായ’ ഓരോ മദ്‌റസയിലും ആഘോഷിക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറി എം. ടി.അബ്ദുല്ല മുസ്‌ലിയാരും ആശംസകള്‍ നേരുന്നു.