മകള്‍ക്കു അന്ത്യചുംബനം നല്‍കാന്‍ ജയിലില്‍ നിന്നും പിതാവെത്തി

Breaking India Keralam Local News Politics

മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മകളെ ഒരുനോക്കു കാണാനും അന്ത്യചുംബനം നല്‍കാനും ജയിലില്‍ കഴിയുന്ന പിതാവ് എത്തിയത് ഏവരുടെയും കണ്ണു നനയിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന മഞ്ചേരി സ്വദേശി ഒ എം എ സലാമാണ് പരോള്‍ ലഭിച്ച് പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. മകളുടെ മരണത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് എന്‍.ഐ.എ കോടതിയില്‍ നിന്നും ഒഎംഎ സലാമിന് ജാമ്യം ലഭിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ വിമാന മാര്‍ഗം കോയമ്പത്തൂരിലിറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം ട്രാവലറില്‍ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിലെത്തി. സുരക്ഷയുടെ ഭാഗമായി ആറ് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും അകമ്പടിയായി ഒപ്പമുണ്ടായിരുന്നു. മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഉച്ചക്ക് ഒന്നരയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. ബന്ധുക്കള്‍ക്ക് മാത്രമാണ് വീടിന് അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നത്. പിതാവിന്റെയും സഹോദരങ്ങളുടെയും അന്ത്യചുംബനം ഏറ്റുവാങ്ങി രണ്ടരയോടെ തസ്‌കിയയുടെ മൃതദേഹം ഖബറടക്കത്തിനായി മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് പള്ളിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സിന് മുന്നിലും പിന്നിലുമായി പൊലീസ് വാഹനവും ഉണ്ടായിരുന്നു. മയ്യിത്ത് നമസ്‌കാരത്തിന് പിതാവ് ഒ.എം.എ സലാം നേതൃത്വം നല്‍കി. പ്രിയ നേതാവിന്റെ മകള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേര്‍ പള്ളിയിലും വീട്ടിലുമായെത്തിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ഫാത്തിമ തസ്‌കിയയും (24) കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ ബുധനാഴ്ച രാത്രി പത്തോടെ കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. 2022ല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിനു മുന്നോടിയായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ഒ.എം.എ സലാമിനെ വീട്ടില്‍ നിന്നും എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചത്. ഒന്നരവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു. ഉപാധികളോടെയാണ് മൂന്ന് ദിവസത്തെ പരോള്‍ ലഭിച്ചത്. പരോള്‍ കാലാവധി പൂര്‍ത്തിയാക്കി ഞായറാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി