ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി

Keralam News

കൊച്ചി: ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതിയുടെ പരാമർശം. സിനിമയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ പ്രസ്താവന. ചിത്രം പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് എന്‍.നഗരേഷിൻറെ പരാമർശം.

ഹര്‍ജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോര്‍ജ് എന്നിവരടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലിജോ ജോസും ചെമ്ബന്‍ വിനോദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അതേസമയം സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.