പുറക്കാട് പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്ന് സംസ്കരിച്ചു

Keralam News

അമ്പലപ്പുഴ : താറാവുകള്‍ കൂട്ടത്തോട് ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ കൂടെയുണ്ടായിരുന്ന ജീവനുള്ള താറാവുകളെ കൊന്ന് സംസ്കരിച്ചു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന്‍റെ ഉടമസ്ഥതയിലുള്ള 3000 ഓളം താറാവുകളെയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന കൊന്ന് സംസ്കരിച്ചത്.

സ്വകാര്യ ഹാര്‍ച്ചറിയില്‍നിന്നും ഒരു ദിവസം പ്രായമായ 13500 കുഞ്ഞുങ്ങളെയാണ് ജോസഫ് ചെറിയാൻ വാങ്ങിയിരുന്നത്. ഇതില്‍ 10000 ത്തോളം താറാവുകള്‍ പലപ്പോഴായി ചത്തിരുന്നു. ബാക്കി ഉണ്ടായിരുന്ന താറാവുകളെയാണ് പക്ഷിപ്പനി സ്ഥിതീകരിച്ചതോടെ കൊല്ലേണ്ടി വന്നത്.

മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കൃഷ്ണ കിഷോര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആര്‍.ആര്‍.ടി സംഘമാണ് നടപടിക്ക് നേതൃത്വം നൽകിയത്.