തകരാറിലായ ബസ് സ്റ്റാർട്ടാക്കുന്നതിനിടെ ടയർ കയറിയിറങ്ങി ക്ലീനർക്ക് ദാരുണാന്ത്യം

Keralam News

തിരുവനന്തപുരം: തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങിയ ബസിന്റെ ടയർ കയറിയിറങ്ങി ക്ലീനർക്ക് ദാരുണാന്ത്യം. കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ ജയദേവൻ ചെല്ലമ്മ ദമ്പതികളുടെ മകൻ അനിൽകുമാർ (ബിനു 44) ആണ് മരിച്ചത്. ഇന്നലെ രാത്രി വിഴിഞ്ഞം ആഴിമല റോഡിലായിരുന്നു അപകടം നടന്നത്.

45 അംഗ തീർഥാടക സംഘം സഞ്ചരിച്ച ബസ് മടങ്ങി പോകാൻ ഒരുങ്ങവെ സ്റ്റാർട്ടാവാത്തതു കൊണ്ട് ഇന്ധനം തീർന്നെന്ന അനുമാനത്തിൽ പെട്രോൾ വാങ്ങി നിറക്കുകയും ബസ് സ്റ്റാർട്ടാവുകയും ചെയ്തു. ഇതോടെ പുറത്തു നിന്ന യാത്രക്കാർ ബസിൽ കയറുകയും വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഓഫാവുകയും ചെയ്തു. വീണ്ടും നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ റോഡിന്റെ ഇറക്ക ഭാഗത്തേക്ക് ബസ് ഒറ്റയ്ക്ക് താഴോട്ട് ഉരുണ്ടു നീങ്ങുകയായിരുന്നു. ബ്രേക്ക് ചവിട്ടി നിർത്താനുള്ള ഡ്രൈവറുടെ ശ്രമം വിഫലമാവുകയും ചെയ്തു. ഇതിനിടയിൽ വാഹനത്തിനടിയിൽ പെട്ട് ക്ലീനർ മരിക്കുകയായിരുന്നു.

കയറ്റിറക്ക് റോഡിൽ ഉരുണ്ടു നീങ്ങിയ വാഹനം കടലിലേക്ക് പതിക്കാതെ പെട്ടെന്ന് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.