കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെച്ചു

India News

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രിയായ ബി എസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് ഇന്ന് ഉച്ചയ്ക് ശേഷം ഗവർണർക്ക് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിക്കായുള്ള വേദിയിൽ വെച്ചായിരുന്നു രാജി പ്രഖ്യാപനം. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചത് വികാരഭരിതനായി വിതുമ്പികൊണ്ടായിരുന്നു.

ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമുള്ളതാണ് ഈ രാജി എന്നാണ് സൂചന. മുമ്പ് യെദ്യൂരപ്പയെ മാറ്റുമെന്ന് പറഞ്ഞു വന്ന സൂചനകളെയെല്ലാം നിഷേധിക്കുകയായിരുന്നു യെദ്യൂരപ്പ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ സ്ഥാനമൊഴിയുന്നതായുള്ള സൂചനകൾ നൽകിയിരുന്നു. സർക്കാർ രണ്ടു വര്ഷം കഴിഞ്ഞാൽ ശേഷമുള്ള കാര്യങ്ങളെല്ലാം ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തിലായിരിക്കുമെന്നാണ് യെദ്യൂരപ്പ അറിയിച്ചിരുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അത് അനുസരിക്കുമെന്നും പറഞ്ഞിരുന്നു. സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം യെദ്യൂരപ്പയെ മാറ്റുന്നതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. എന്നിട്ടുപോലും ബിജിപി നേതൃത്വം അവരുടെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു എന്നാണ് റിപോർട്ടുകൾ.