കുവൈറ്റിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു

India News Pravasi

കുവൈത്ത് സിറ്റി: കുവൈത്തിലെ ശര്‍ഖിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിക്കുകയും മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കെട്ടിടത്തിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റിൽ താമസിച്ചിരുന്ന ഇയാൾ ജനല്‍ വഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

മരണത്തിൽ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.