സര്‍ക്കാരും അധികൃതരും കണ്ണടയ്ക്കുന്നതോ, കണ്ടില്ലെന്നു നടിക്കുന്നതോ?

Breaking Crime Keralam News

അമിത.എ

ചെറു പ്രായത്തില്‍ തന്നെ യാതനകളും പീഡനങ്ങളും നേരിടേണ്ടി വരുന്ന ഒരു തലമുറ. അതും നിയമങ്ങളും നിയമ സംരക്ഷണങ്ങളും കര്‍ശനമായിരിക്കുന്ന ഈ കാലഘട്ടത്തില്‍. വിശ്വസിക്കാന്‍ കഴിയുന്നില്ലാല്ലേ. എന്നാല്‍ സത്യമാണ്. വെറും വാക്കുകളില്‍ തിട്ടപ്പെടുത്തിയ സത്യമല്ല. മറിച്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട സത്യം. ഇന്ന് സംസ്ഥാനത്ത് ദിനംപ്രതി കുട്ടികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഒന്നില്‍ കൂടുതല്‍ വാര്‍ത്തകളാണ് ദിനംപ്രതി നമുക്ക് മുന്നിലൂടെ കടന്നു പോകുന്നത്. അതിനു പുറമെ പുറത്ത് വരാതെ നിരവധി വാര്‍ത്തകളും. ചിറകുകളുയര്‍ത്തി പറന്നു നടക്കേണ്ട ഈ ചെറുപ്രായം അവരില്‍ ഭീതിയുടെയും അതിക്രമങ്ങളുടെയും ഓര്‍മകാളാണ് സൃഷ്ടിക്കുന്നത്. കുരുന്നുബാല്യങ്ങള്‍ പൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത് എങ്ങനെയാണ് കണ്ടുനില്‍ക്കാന്‍ സാധിക്കുക.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളുടെ കണക്കുകള്‍ ഏവരേയും ഞെട്ടിക്കുന്നത് തന്നെയാണ്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍
പ്രകാരം ആകെ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യ കേസുകള്‍ 1639 എണ്ണമാണ്. അതില്‍ പുത്തുവരാത്തത് വേറെയുണ്ടെന്നതും ഓര്‍ക്കുക. 627 കുട്ടികള്‍ ബലാത്സംഗത്തിനിരയായി. 89 കുട്ടികളെ തട്ടിക്കൊണ്ടു പോയി. 15 കുട്ടികള്‍ കൊലചെയ്യപ്പെട്ടു. എന്നാല്‍ ഇത് ഒരു വര്‍ഷത്തെ കണക്കിലെക്കെത്തുമ്പോള്‍ 1143 കുട്ടികളാണ് ബലാത്സംഗത്തിനിരയായിരിക്കുന്നത്.

ഇത്തരമൊരു കണക്കിന്റെ വെളിപ്പെടുത്തല്‍ ജനങ്ങള്‍ക്ക് എന്ത് വിവരമാണ് കൈമാറുന്നത് എന്ന് വ്യക്തമാവുന്നില്ല. ഇതിലൂടെ സംസ്ഥാനത്തിന്റെ നിസ്സഹായാവസ്ഥയും സംസ്ഥാന സര്‍ക്കാരിന്റെയും ഉന്നത അധികാരികളുടെ വീഴ്ച്ചയുമാണോ പുറത്ത് വരുന്നത്? കുട്ടികളുടെ സംരക്ഷണത്തിനായി ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ശിശു ക്ഷേമ സമിതി എന്നിങ്ങനെ നിരവധി ചുമതലക്കാര്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവര്‍ത്തിച്ചിട്ടും എന്തുകൊണ്ടു ഇത്തരം പീഡന പരമ്പരകള്‍ അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കു അറുതിവരുത്താന്‍ നിയമനിര്‍മാണം നടത്തി പോക്‌സോ നിയമംവരെ കൊണ്ടുവന്നിട്ടും എന്തുകൊണ്ട് നമ്മുടെ പിഞ്ചോമനകള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നു. ആരുടെ വീഴ്ചകൊണ്ടാണ് ഇത്തരം അതിക്രമങ്ങള്‍ ഇടതടവില്ലാതെ അരങ്ങേറുന്നത്. സര്‍ക്കാറുകളും, പോലീസും എന്തുനോക്കിനില്‍ക്കുകയാണ്. ഇതൊക്കെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍നിന്നും ഉയരുന്ന ചോദ്യങ്ങളാണ്.

നിലവിലുള്ള നിയമങ്ങളൊന്നുംതന്നെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നില്ല എന്നതിനുള്ള തെളിവല്ലേ ഈ കണക്കുകള്‍. വര്‍ഷത്തിന്റെ കണക്കാണ് ഇവിടെ പറയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് നേരുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി കണ്ടിട്ടും എന്തുകൊണ്ടാണ് അതിനെതിരെ ഒന്നും ചെയ്യാതിരിക്കുന്നത്. നമ്മളുടെ നാട്ടിലുള്ള ഒരു ചൊല്ലാണ് ‘മുളയിലെ നുള്ളണം’ എന്നത്. അങ്ങനെ നുള്ളിയിരുന്നെങ്കില്‍ ഇന്ന് ഇത്രത്തോളം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നോ?.

ഇങ്ങനെ നിസ്സാരവത്കരിച്ച് കളയേണ്ട ഒന്നാണോ ഇത്. ഭാവിയില്‍ ഉയരങ്ങളിലേക്കെത്തിപ്പെടേണ്ട ബാല്യത്തെയാണ് ചിലരുടെ വികാരത്തിന് വേണ്ടി മാത്രം ഇല്ലാതാക്കി കളയുന്നത്. പക്വതയാര്‍ന്ന ഒരു വ്യക്തിയില്‍ പോലും എത്രത്തോളം ആഘാതങ്ങളാണ് ഇത്തരത്തിലുള്ള പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളും ഉണ്ടാക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളില്‍ അവ ഉണ്ടാക്കുന്ന ആഘാതം എത്രയാവും. ആസ്വദിക്കേണ്ട ബാല്യത്തെയും എത്തിപ്പെടേണ്ട ഭാവിയെയും ചെറുപ്രായത്തില്‍ തന്നെ അവരില്‍ നിന്നും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ഇതില്‍ വീഴ്ച്ച പറ്റുന്നതാര്‍ക്ക്? സര്‍ക്കാരിനോ അധികാരികള്‍ക്കോ സമൂഹത്തിനോ രക്ഷിതാക്കള്‍ക്കോ നിയമത്തിനോ? എന്തിനാണ് ഇവിടെ വീഴ്ച്ച സംഭവിക്കുന്നത്. കുരുന്നുകളുടെ ജീവനും ശരീരത്തിനും ജീവിതത്തിനും സംരക്ഷണം നല്‍കാന്‍ സാധ്യമാവുന്നതാര്‍ക്ക്? എന്നാണു ഇനി കഴുകന്മാരുടെ കണ്ണുകളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും കുട്ടിള്‍ക്ക് ഒരു മോചനം.