ക്ഷേത്രത്തിൽ കവർച്ച 19 കാരൻ പിടിയിൽ

Crime Local News

കരുവാരകുണ്ട്: കരുവാരക്കുണ്ട് നീലാങ്കുറുശി അയ്യപ്പക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ 19 കാരന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി കാവിനുമേലേതില്‍ സുജിലാണ് അറസ്റ്റിലായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ്
തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഞായാറാഴ്ചയാണ് അയ്യപ്പന്‍ങ്കാവ് നീലാങ്കുറുശി അയ്യപ്പക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.
സംഭവ ദിവസം ഉച്ചയോടെ മുഖംമൂടി ധരിച്ച് ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ശ്രീകോവിലിനുള്ളിലെ ഭണ്ഡാരം തകര്‍ത്ത് ഇരുപതിനായിരം രൂപയോളം കവര്‍ന്നു. ഒരു സിസി ടി.വി കാമറയും ക്ഷേത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കത്തിയും മോഷ്ടിച്ചു. ശ്രീകോവിലിന് പുറത്തെ ഭണ്ഡാരവും തകര്‍ത്ത നിലയിലായിരുന്നു.
പിന്നീട് സിസി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കരുവാരക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി
സുജിലാണെന്ന് തിരിച്ചറിഞ്ഞത്. പത്തനംതിട്ട സ്വദേശിയായ യുവാവ് കഴിഞ്ഞ നാലുമാസമായി പാണ്ടിക്കാട്ടാണ് താമസം.
പ്രതി ഡയറക്ട് മാര്‍ക്കറ്റിംഗ് നടത്തുന്ന ആളാണെന്നു സൂചന ലഭിച്ചിരുന്നു. പല വീടുകളിലും ഡയറക്ട് മാര്‍ക്കറ്റിംഗിനെത്തി ക്ലീനിംഗ് ലോഷന്‍, സുഗന്ധലേപനം തുടങ്ങിയ വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നു. ഡയറക്ട് മാര്‍ക്കറ്റിംഗ് നടത്തുന്ന മലപ്പുറം ജില്ലയിലുള്ള സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. പ്രതിക്ക് പത്തനംതിട്ടയിലും മോഷണ കേസുകള്‍ നിലവിലുണ്ട്. മോഷണക്കേസില്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടില്‍ നിന്നു തിരിച്ചെത്തിയ പ്രതിയെ പാണ്ടിക്കാട്ട്് വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് അറിയിച്ചു. കരുവാരകുണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി.കെ. നാസര്‍, എസ്.ഐമാരായ രവി, അബ്ദുള്‍നാസര്‍, എസ്.സി.പി.ഒ ഷാജു, പ്രവീണ്‍, സി.പി.ഒമാരായ മനു പ്രസാദ്, അജിത്, ആഷിഖ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.