കോൺഗ്രസ്സ് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമിൽ ചേർന്നു

Keralam News Politics

ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമിലേക്ക്. സിപിഐഎം ആക്ടിംഗ് സെക്രട്ടറിയായ വിജയരാഘവനാണ് പ്രശാന്ത് പാർട്ടിയിലേക്ക് ചേരുന്ന കാര്യം ഔദ്യോഗികമായി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ഡിസിസിയിലെ പുതിയ അധ്യക്ഷന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനും പുതിയ ഡിസിസി അധ്യക്ഷനായി ചുമതലയേറ്റ പാലോട് രവിയ്ക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയതിനാണ് കോണ്‍ഗ്രസില്‍ നിന്നും പ്രശാന്തിനെ പുറത്താക്കിയത്. മുൻ കെപിസിസി സെക്രട്ടറിയായിരുന്ന പ്രശാന്ത് ഇടതുമുന്നണിയുടെ ഭാഗമാവുന്നതോടെ കോൺഗ്രസ്സുമായി അഭിപ്രായ വ്യത്യാസമുള്ള നേതാക്കളും കൂടെ ഇടത് മുന്നണിയിലേക്ക് വരുന്നതിനും സാധ്യതയുണ്ട്.

സുരക്ഷിതത്വവും മനഃസമാധാനവുമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനാവശ്യം. യാതൊരു വിധ ഉപാധികളുമില്ലാതെ സിപിഎമ്മിലേക്ക് ചേർന്നതും അതുമാത്രം ആഗ്രഹിച്ചിട്ടാണ്. ഹൈക്കമാൻഡിൻ്റെ പ്രവർത്തനങ്ങൾ ജനാധിപത്യത്തിനെതിരായ രീതിയിലായതോടെ കോൺ​ഗ്രസ് അച്ചടക്കം ഇല്ലാത്ത പാർട്ടിയായി മാറി. സ്ഥാനാർത്ഥിയായിരുന്ന തനിക്ക് തെരഞ്ഞെടുപ്പിൽ പ്രചാരണം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു കോൺഗ്രസ്സിലെന്നും പി.എസ്. പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.