അബൂദബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്

Keralam News Pravasi

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശിനിക്ക്​ 24 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാന്‍ അബുദാബി കോടതിയുടെ വിധി. കൊല്ലം ലക്ഷ്​മിനട സ്വദേശിനി പൊന്നമ്മക്കാണ് (52)​ നല്ലൊരു തുക നഷ്ടപരിഹാരമായി വിധിച്ചത്.

2019 നവംബറില്‍ അബൂദബിയില്‍ നിന്ന്​ ദുബൈയിലേക്ക് സ്പോണ്‍സറോടൊപ്പം യാത്ര ചെയ്യവെ ബ്രേക്ക്​ നഷ്​ടപ്പെട്ട വാഹനം അപകടത്തില്‍പെടുകയായിരുന്നു. 25 ദിവസത്തോളം ആശുപത്രിയിൽ കിടന്ന പൊന്നമ്മയുടെ കൈക്ക് ഓപ്പറേഷനും വേണ്ടി വന്നു. ഇതിനിടെ ജോലിയും നഷ്​ടമായി. ദുരിതത്തിനിടയിലും ഒന്നര വർഷത്തോളം കേസ് നടത്തുകയായിരുന്നു. പക്ഷെ 20,000 ദിര്‍ഹമാണ്​ ഇന്‍ഷ്വറന്‍സ്​ അതോറിറ്റി നഷ്​ടപരിഹാരം വിധിച്ചത്​. സാമൂഹിക പ്രവര്‍ത്തകനും പെരുമ്പാവൂർ അസോസിയേഷന്‍ ഭാരവാഹിയുമായ നസീര്‍ പെരുമ്പാവൂര്‍ ഇടപെട്ട​േതാടെയാണ്​ അപ്പീല്‍ നല്‍കാന്‍ വഴിതെളിഞ്ഞത്​.

നസീര്‍ വഴി പരിചയപ്പെട്ട അഡ്വ. ബല്‍റാം ശങ്കര്‍ മുഖേന പൊന്നമ്മ മേല്‍കോടതിയെ സമീപിക്കുകയായിരുന്നു. 1.20 ലക്ഷം ദിര്‍ഹം നഷ്​ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചെങ്കിലും ഇന്‍ഷ്വറന്‍സ്​ കമ്പനി അപീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, അപ്പീല്‍ കോടതിയും വിധി ശരിവെച്ചതോടെ പൊന്നമ്മയ്ക്ക് അർഹതപ്പെട്ട പണം ലഭിച്ചു.