വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിന് വിശദീകരണവുമായി കേന്ദ്രം

Health India News

ദില്ലി: ബോധവത്കരണത്തിന്‍റെ ഭാഗമായാണ് കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍. സർട്ടിഫിക്കറ്റിൽ പ്രധാമന്ത്രിയുടെ ചിത്രം ആവശ്യമുണ്ടോയെന്നും ചിത്രം നിർബന്ധമായും നല്കണോയെന്നും കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കർ രാജ്യസഭയിൽ ചോദിച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ താത്പര്യ പ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ നൽകിയതെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ സഭയിൽ വ്യക്തമാക്കി. വാക്സിൻ വിതരണം ചെയ്യുന്നതിന്റെ നീതിയും സന്മാർഗ്ഗികതയും ഇന്ത്യയിലെ പൗരന്മാരെ ഓർമ്മപ്പെടുത്തണം. അതിനു വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് രൂപകല്‍പന ചെയ്തതെന്നും ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. എന്നാൽ വേറെ ഏതെങ്കിലും ഗവണ്മെന്റ് ഇതിനു മുൻപ് ഇങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടോ എന്ന കേത്കറിന്റെ അടുത്ത ചോദ്യത്തിന് ആരും മറുപടി നൽകിയില്ല. കോവിന്‍ പോര്‍ട്ടലിലൂടെയും വാട്ട്സ്ആപ്പ് വഴിയും ലഭ്യമാകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ പലഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.