ഹയർസെക്കന്ററി പരീക്ഷകൾ കോടതി ഉത്തരവനുസരിച്ചു മാത്രം – വിദ്യാഭ്യാസ മന്ത്രി

Education Keralam News

തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാത്രമേ ഹയർസെക്കന്ററി പരീക്ഷ നടത്തുന്ന കാര്യം തീരുമാനിക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കോടതി ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും പതിമൂന്നാം തീയ്യതി വീണ്ടും കോടതി കേസ് പരിഗണിച്ചതിനു ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

അടുത്ത ഒരാഴ്ച കാലത്തേക്കാണ് സുപ്രീംകോടതി പരീക്ഷകൾ സ്റ്റേ ചെയ്‌തിരിക്കുന്നത്‌. ശാസ്ത്രീയമായി നടത്തിയ ഏതു പഠനമനുസരിച്ചാണ് പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ തീരുമാനിച്ചതെന്നും, പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് രോഗം ബാധിക്കില്ലെന്ന് സർക്കാരിന് ഉറപ്പു കൊടുക്കാനാവുമോ എന്നുമാണ് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നത്.

ഇന്ത്യയിലെ ആകെയുള്ള കോവിഡ് രോഗികളിൽ അമ്പതു ശതമാനത്തിലുമധികം കേരളത്തിലാണെന്നും, ഇവിടെ പതിനഞ്ച് ശതമാനത്തിലും മുകളിൽ ടിപിആർ നിരക്കുണ്ടെന്നും കാണിച്ച് അഭിഭാഷകനായ റസൂൽ ഷാ ആയിരുന്നു കോടതിയിൽ ഹർജി കൊടുത്തത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളാരും വാക്സിൻ എടുത്തിട്ടില്ലെന്നും ഹർജിയിൽ പ്രത്യേകം പരാമർശിച്ചിരുന്നു. ഓൺലൈൻ ആയി മോഡൽ പരീക്ഷ നടത്തിയ സാഹചര്യത്തിൽ വീണ്ടുമൊരു പരീക്ഷ ആവശ്യമില്ലെന്നായിരുന്നു ഹർജിയിലുണ്ടായിരുന്നത്.