കേരളം മുഴുവനായും അടച്ചിടില്ല – മുഖ്യമന്ത്രി

Keralam News

തിരുവനന്തപുരം: കേരളം മുഴുവനായും വീണ്ടും അടച്ചിടുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കേസുകളുടെ എണ്ണം കൂടിയാലും അടച്ചിടുന്ന നടപടിയിലേക്ക് കേരളം നീങ്ങില്ലെന്നും പകരം വാർഡ് തലത്തിലുള്ള സമിതികൾ കൂടുതൽ മെച്ചപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിനു ശേഷം വാർഡ് തലത്തിലുള്ള സമിതികളുടെ പ്രവർത്തനം വളരെ മോശമായെന്നും മുഖ്യമന്ത്രി തദ്ദേശ പ്രതിനിധികളുമായി നടത്തിയ യോഗത്തിനിടെ ആരോപിച്ചു.

ഈ സമിതികൾക്ക് പുറമെ സിഎഫ്എൽടിസികളും ഡൊമിസിലറി കേന്ദ്രങ്ങളും ആർആർടികളും അയൽപ്പക്ക നിരീക്ഷണങ്ങളും പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മെച്ചപ്പെടുത്തും. ക്വാറന്‍റീന്‍ കാലാവധി ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുകയും അവരുടെ ചെലവിൽ ക്വാറന്‍റീനും ഏർപ്പെടുത്തും. രണ്ടാഴ്ചക്കുള്ളിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവിൽ പതിനെട്ടു വയസു കഴിഞ്ഞ 75 ശതമാനത്തിലുമധികം ആളുകളും ആദ്യത്തെ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഈ മാസത്തിനുള്ളിൽ ആദ്യത്തെ ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയായായിരുന്നു വാക്സിൻ ക്ഷാമം തുടങ്ങിയത്. ആറ്‌ ജില്ലകളിൽ ഇപ്പോൾ കോവിഷീൽഡ് മുഴുവനായും തീർന്നിട്ടുണ്ട്.