മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി

Keralam News Politics

കൊടിക്കുന്നിൽ സുരേഷ് എം പിയുടെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശം വിവാദമാവുന്നു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പി ആക്ഷേപിച്ചത്. നവോത്ഥാന നായകനാണെങ്കിൽ പട്ടിക ജാതിക്കാരന് മകളെ വിവാഹം ചെയ്‌ത്‌ കൊടുക്കണമായിരുന്നു എന്നും പാർട്ടിയിൽ എത്രയോ പട്ടിക ജാതിക്കാരായ പ്രവർത്തകരില്ലേ എന്നും അദ്ദേഹം പരിഹസിച്ചു. അയ്യങ്കാളി ജയന്തിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

എന്നാൽ മന്ത്രിയായ പട്ടിക ജാതിക്കാരനെ നിയന്ത്രിക്കാന്‍ പോലും മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുന്ന പ്രവർത്തിയാണ് മുഖ്യമന്ത്രി ചെയ്തത് എന്നും എം പി കുറ്റപ്പെടുത്തി. കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ എം പി കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. മന്ത്രി കെ രാധാ കൃഷ്ണൻ അടക്കമുള്ളവർ എം പിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസിനാകത്തെ പോര് മറച്ചുവക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വിവാദ പ്രസ്താവനകളെന്നും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനും വലിപ്പത്തിനും യോജിക്കുന്നതാണോ പരാമർശമെന്ന് പരിശോധിക്കണമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.