ഏത് സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങള്‍ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

Keralam News

ജനകീയ ബദല്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർക്കാരാണിതെന്നും കോവിഡ് കാരണമുണ്ടായ ഈ മോശം സാഹചര്യത്തിലും ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാർ എല്ലാ ആളുകൾക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തുകയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആളുകൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ജയന്തി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.

നൂറു ദിവസം നീണ്ടു നിൽക്കുന്ന കര്‍മപരിപാടികളിലൂടെ എല്ലാ ആളുകൾക്കും കണക്ടിവിറ്റി ഉറപ്പാക്കാനാണ് സർക്കാർ വിചാരിക്കുന്നത്. പഠിക്കാനുള്ള ഡിജിറ്റല്‍ ഉപകരണങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടെന്ന് ഉറപ്പു വരുത്തും. ലൈഫ് മിഷൻ പദ്ധതിയിലൂടെ 52000 വീടുകൾ ഈ വര്ഷം നൽകും. ഇതിനോടൊപ്പം 20000 ആളുകൾക്ക് തൊഴിൽ അവസരങ്ങളും തൊഴില്‍ മേഖലകളിൽ നൈപുണ്യ പരിശീലനവും നൽകും.

പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ആളുകളുടെ ആരോഗ്യരംഗത്തെ തൊഴിൽ സംബന്ധമായ പഠനത്തിന് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയൻസിൽ അധിക കോഴ്സുകളും സീറ്റുകളും കൊണ്ടുവരും. ആദിവാസി വിഭാഗങ്ങളിലുള്ള കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 60 വയസിലധികം പ്രായമായ സ്ത്രീകൾ എന്നിവർക്ക് മാത്രമായി പോഷകാഹാരം കൊടുക്കുന്ന പദ്ധതിയും കൊണ്ടുവരും.

ഈ വർഷത്തെ സർക്കാറിന് ലഭിച്ച തുടർഭരണം സംസ്ഥാനത്തെ പൗരന്മാരുടെ നിശ്ചയദാര്‍ഡ്യത്തിന്റെ ഫലമാണ്. അതിനാൽ തന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ നടപ്പിലാക്കാൻ ഞങ്ങള്ക് ബാധ്യസ്ഥരാണെന്നും അതിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ജനകീയ ആസൂത്രണത്തിന്റെ ഫലമായി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും ലഭിച്ചു. വിദ്യാഭ്യാസ രംഗത്ത് സ്മാര്‍ട്ട് ക്ലാസുകൾ അടക്കമുള്ള റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങൾ സർക്കാർ തുടങ്ങി. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആളുകൾക്കായി ഇപ്പോഴും പലതും ചെയ്യാനുണ്ടെന്നും അത് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.