ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയിലെ സി.ഇ.ഒയെ പിരിച്ചുവിട്ടില്ല. വിവാദമായപ്പോള്‍ എല്ലാം ഒത്തുതീര്‍ത്തു

Breaking Crime Keralam Local

തിരൂര്‍: തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയിലെ സി.ഇ.ഒയെ പിരിച്ചുവിട്ടില്ല. വിവാദമായപ്പോള്‍ എല്ലാം ഒത്തുതീര്‍ത്തു.
മുസ്ലിംലീഗിന് കീഴില്‍ തിരൂരില്‍ പുതുതായി ആരംഭിച്ച ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്ത സി.ഇ.ഒ. ക്രൂര മര്‍ദ്ദനത്തിന് ഇരയാവുകയും വിഷയം തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയായി നല്‍കുകയും പിന്നീട് നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിപ്പിക്കുകയും ചെയ്തത് കഴിഞ്ഞ ദിവസം മറുപുറം കേരളാ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പിരിച്ചു വിടാന്‍ തീരുമാനിച്ച സി.ഇ.ഒയെ പിരിച്ചുവിടേണ്ടെന്ന തീരുമാനത്തിലെത്തിയതായാണ് പുതിയ വിവരം.


82കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച് ആറു മാസം മുമ്പ് തിരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. അഴിമതി കണ്ടെത്തി ഡയറക്ടര്‍ ബോര്‍ഡിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃതത്തിനു റിപ്പോര്‍ട്ട് ചെയ്ത ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറെ ഡയറക്ടര്‍ബോര്‍ഡ് ഭാരവാഹികളുടെ പിന്തുണയോടെ ആശുപത്രി സെക്രട്ടറിയും യൂത്ത് ലീഗ് നേതാവുമായ മുസ്സമ്മില്‍ മര്‍ദിച്ചതായാണ് പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ സി.ഇ.ഒ. യുടെ ചേമ്പറില്‍ കയറി 10 മിനിട്ടോളം ക്രൂരമായി മര്‍ദ്ദിച്ചുവെന്നു കാണിച്ചു പരാതി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് പോലീസ് സ്‌റ്റേഷനില്‍നല്‍കിയ പരാതി ഉള്‍പ്പെടെ തിരിച്ചുവാങ്ങിച്ചതായാണ് വിവരം.
ആശുപത്രിയിലെ നടത്തിപ്പിലെ നിരന്തര പ്രശ്‌നങ്ങളും പരാതികളും ഉയര്‍ന്നപ്പോള്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ രണ്ട് മാസം മുമ്പാണ് വിവിധ വിദേശ കമ്പനികളില്‍ സി.ഇ.ഒ. ആയി ജോലി ചെയ്തു പ്രവര്‍ത്തന പരിചയമുള്ള കൊല്ലം സ്വദേശിയായ ഹുസൈന്‍ നൂറുദ്ദീന്‍ കുഞ്ഞുവിനെ നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കിയത്.


ദുബൈ ഹോള്‍ഡിംഗ്,മാള്‍ട്ട സ്മാര്‍ട്ട് സിറ്റി ദുബൈ, ഖത്തര്‍ സ്റ്റീല്‍സ്, യു എ ഇ എത്തിസലാത്ത്,സിപ്ല ഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഇന്ത്യ തുടങ്ങി ഒട്ടേറെ പ്രശസ്ത സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് മേഖലയില്‍ സേവനം ചെയ്തിട്ടുണ്ട്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹോസ്പിറ്റല്‍ നടപ്പാക്കാനിരിക്കുന്ന പുതിയ വികസന പദ്ധതികളുടെ കൂടി മേല്‍നോട്ടം ഇദ്ദേഹം വഹിക്കാനിരിക്കുകയായിരുന്നു.
ജനുവരി 20 വെള്ളിയാഴ്ച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ,പി.കെ. കുഞ്ഞാലിക്കുട്ടി യും ചേര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും സി.ഇ.ഒ, സെക്രട്ടറി എന്നിവരെ പണക്കാട്ടേക്ക് വിളിപ്പിച്ചു ചര്‍ച്ച ചെയ്തിരുന്നു.