യുവാവിനെ ഭാര്യ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍

Crime News

മലപ്പുറം: രാത്രി ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. കഴിഞ്ഞ ജനുവരിയില്‍ വേങ്ങരയിലാണു സംഭവം നടന്നത്. ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തില്‍ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം ആസൂത്രണം ചെയ്ത കാമുകനായ ബീഹാര്‍ സോന്‍പുര്‍ സ്വദേശി ജയ് പ്രകാശിനെയാണു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പാറ്റ്‌ന സോന്‍പൂരില്‍ നിന്ന് അറസ്റ്റു ചെയ്തത്.

ബീഹാര്‍ സ്വദേശി സഞ്ജിത്ത് പാസ്വാന്‍(33) വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മരണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭിവിക മരണമായി വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ടയാളുടെ ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയായ പൂനം ദേവിയെ ചോദ്യം ചെയ്തതില്‍ ബീഹാറില്‍ തനിക്ക് കാമുകന്‍ ഉണ്ടന്നും കാമുകനുമായി ഒരുമിച്ചു ജീവിക്കാന്‍ കാമുകന്‍ പറഞ്ഞ രീതിയിലാണ് ഭര്‍ത്താവിനെ കൊന്നതെന്നും കുറ്റം സമ്മതിക്കുകയും ചെയ്തു.തുടര്‍ന്ന് മലപ്പുറം ഡി.വൈ.എസ്.പി. അബ്ദുള്‍ ബഷീര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതിയായ പൂനം ദേവിയുടെ കാമുകന്‍ ജയ് പ്രകാശി നെ ബീഹാര്‍ പാറ്റ്‌നയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വേങ്ങര ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫ, എസ് ഐ മാരായ ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍, പ്രത്യേക അന്വേഷണസംഘാഗംങ്ങളായ എ.എസ്.ഐ മുജീബ് റഹ്മാന്‍, എല്‍.കെ ദിനേഷ്, പി. മുഹമ്മദ് സലീം, ആര്‍.ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

പൂനം ദേവി നാട്ടുകാരനും ഭാര്യയും കുട്ടികളുമുള്ള ജയ് പ്രകാശുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഇതില്‍ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാന്‍ പസ്വാന്‍ അഞ്ച് വയസുള്ള മകനോടൊപ്പം പൂനത്തിനെ രണ്ട് മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം യുവാവുമായുള്ള ബന്ധം തുടരുകയും സന്‍ജിത് പസ്വാനെ കൊല്ലാനും തീരുമാനിക്കുകയായിരുന്നു.തുടര്‍ന്നാണ് ഉറങ്ങുന്നതിനിടെ സന്‍ജിതിന്റെ ഇരു കൈകളും തോര്‍ത്ത് കൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. കട്ടിലില്‍ നിന്ന് വലിച്ച് താഴെയിട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. ഇതേതുടര്‍ന്ന് പൂനം ദേവിയെ പൊലിസ് വിശദമായ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.