കെട്ടിട നിര്‍മാണ പെര്‍മിറ്റ് വാങ്ങാതെ നിര്‍മാണം പൂര്‍ത്തീകരിച്ചവീടിന് പിഴ ഒടുക്കുന്നതിന് കൈക്കൂലിപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍.

Local News

കൊണ്ടോട്ടി:കെട്ടിട നിര്‍മാണ പെര്‍മിറ്റ് വാങ്ങാതെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന് പിഴ ഒടുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍. പുളിക്കല്‍ പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ വിജിലന്‍സ് പിടിയിലായത്. കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയും പ്രവാസിയുമായ മുഫീദ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് വാങ്ങാതെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന് പഞ്ചായത്ത് അധികൃതര്‍ 52,000 രൂപ പിഴ വിധിച്ചിരുന്നു. എന്നാല്‍ അവധിക്ക് ശേഷം ഗള്‍ഫിലേക്ക് മടങ്ങേണ്ടി വന്നതിനാല്‍ പിഴ ഒടുക്കുന്നതിന് ഹെഡ് ക്ലര്‍ക്കിനെ സമീപിച്ചപ്പോള്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഫീദ് മലപ്പുറം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ പണവുമായി മുഫീദ് സുഭാഷ് കുമാറിന് കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്. നേരത്തെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സുഭാഷ് കുമാറിനെ മറ്റൊരു കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഹെഡ് ക്ലര്‍ക്കായി തരം താഴ്ത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫിറോസ്. എം. ഷഫീഖിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ് കുമാര്‍, സ്റ്റെപ്‌റ്റോ ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനിവാസന്‍, മോഹന കൃഷ്ണന്‍, ഷിഹാബ്,
ഹനീഫ, സലിം എന്നിവടരങ്ങിയ സംഘമാണ് പരിശോധന നടത്തിയത്