പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

Crime Local News

കൊല്ലം: പതിമൂന്നു വയസ്സ് പ്രായമുള്ള മകനെ ക്രൂരമായി മർദിച്ച കുറ്റത്തിന് പിതാവിനെ അറസ്റ് ചെയ്തു. കടയ്ക്കൽ ഊന്നുകൽ കാഞ്ഞിരത്തുമ്മൂട് വീട്ടിൽ നാസറുദീനാണ് പോലീസ് അറസ്റ് ചെയ്തത്. ഇയാൾ കുട്ടിയുടെ നാഭിയിൽ ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇത് കണ്ട് സഹിക്കാനാവാതെ കുട്ടിയുടെ ഉമ്മ ഹയറുന്നിസ്സ കടക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ് ചെയ്തത്.

കുട്ടിയുടെ ഉമ്മയുടെ ആദ്യത്തെ വിവാഹ ബന്ധത്തിലുണ്ടായ മകനെ കാണാൻ പോയതിലുള്ള ദേഷ്യത്തിലാണ് പിതാവ് മകനെ ക്രൂരമായി മർദിച്ചത്. കേസിൽ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ കൊടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.