കോവിഡ് പിടിപെട്ട് ശ്വാസം നഷ്ടപെട്ട കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി രക്ഷകയായി നേഴ്സ്

Health Keralam News

തൃശൂര്‍: കോവിഡ് പിടിപ്പെട്ടതിനെ തുടർന്ന് ശ്വാസം കിട്ടാതെ ചലനം നഷ്ടപെട്ട കുഞ്ഞിന് കൃത്രിമശ്വാസം കൊടുത്ത് ജീവൻ നൽകി നഴ്സ്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ശ്രീജ പ്രമോദ് ആണ് അയൽവാസിയായ കുഞ്ഞിന് കൃത്രിമ ശ്വാസം കൊടുത്ത് രക്ഷകയായി മാറിയത്. കോവിഡ് സാഹചര്യത്തിൽ ആർക്കും കൃത്രിമ ശ്വാസം കൊടുക്കരുതെന്ന് പ്രോട്ടോക്കോള്‍ നിലനിൽക്കവെയാണ് ശ്രീജ ചുണ്ടിലൂടെ കുഞ്ഞിന് ശ്വാസം പകർന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞു വന്നു വിശ്രമിക്കുന്നതിനിടെയാണ് ഛര്‍ദിച്ച്‌ ശ്വാസം കിട്ടാത്ത നിലയിലുള്ള കുഞ്ഞിനെയെടുത്ത് അയൽവാസി വീട്ടിലേക്ക് വന്നത്. ചുണ്ടിലൂടെ കൃത്രിമശ്വാസം നല്കാൻ പ്രോട്ടോകോള്‍ പ്രകാരം പാടില്ലാത്തതിനാൽ കുഞ്ഞിനെ വേഗം ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു. ശ്രീജയുടെ കയ്യിൽ കുട്ടിയെ ഏൽപ്പിച്ച് ‘അമ്മ ഭർത്താവിനെ വിളിക്കാൻ പോയ നേരത്ത് കുഞ്ഞിന്റെ ചലനം നഷ്ടപെട്ടതോടെയാണ് ശ്രീജ കൃത്രിമ ശ്വാസം നൽകിയത്. ഇതിനു ശേഷം കുഞ്ഞിന്റെ അച്ഛനും മറ്റൊരു അയൽവാസിയും കൂടെ കുഞ്ഞിനെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേക്കും കൊണ്ട് പോവുകയായിരുന്നു.

ആശുപത്രിയിൽ നിന്നും പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കൃത്രിമശ്വാസം കൊടുത്തത് കൊണ്ട് മാത്രമാണ് കുഞ്ഞ് ജീവിച്ചതെന്നും ഡോക്ടർമാർ മാതാപിതാക്കളോട് പറഞ്ഞു. രണ്ടു ദിവസത്തെ ആശുപത്രിയിലെ ചികിത്സയിൽ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞിന് കോവിഡ് ആയതിനാൽ ശ്രീജ നിലവിൽ ക്വാറന്‍റീനിലാണ്.