‘അഭിനയിക്കാൻ ധൈര്യമുള്ളവർ വരൂ. വാരിയൻ കുന്നൻ ഞാൻ ചെയ്യാം’ സിനിമ ഏറ്റെടുക്കാമെന്ന് ഷാഫി ചാലിയം

Entertainment Keralam News Politics

സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതോടെ പ്രതിസന്ധിയിലായ ‘വാരിയംകുന്നന്‍’ സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വാരിയൻ കുന്നന്റെ വേഷം ചെയ്യാൻ ധൈര്യമുള്ളവർ ആരാണെന്നും അദ്ദേഹം ചോദിച്ചു. ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഷാഫി ചാലിയം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

2020 ജൂണില്‍ പ്രഖ്യാപിച്ച ‘വാരിയംകുന്നന്‍’ എന്ന ചിത്രം മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയുടെ പുതിയ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു എങ്കിലും കഴിഞ്ഞ ദിവസമാണ് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയതായി വാര്‍ത്ത വന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇരുവർക്കുമെതിരെ വ്യാപകമായ സൈബർ അറ്റാക്ക് നടന്നിരുന്നു.

അതേ സമയം 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വരികയാണെങ്കിൽ സിനിമ ചെയ്യാമെന്ന് അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്തെത്തി. ബാബു ആന്റണിയെ വെച്ച മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമ ചെയ്യാം എന്നാണ് അദ്ദേഹം അറിയിച്ചത്.

വാരിയൻ കുന്നൻ സിനിമ പ്രഖ്യാപിച്ച ശേഷം വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള മൂന്നു സിനിമകൾ കൂടി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന ഫിലിം ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.