സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കാമെന്ന് വിദഗ്ദ സമിതി; നീക്കങ്ങൾ തുടങ്ങി സർക്കാർ

Education Health Keralam News

കേരളത്തിലെ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള നീക്കവുമായി സർക്കാർ. ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ സ്കൂളുകൾ പ്രവർത്തിക്കാമെന്ന അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് സർക്കാർ ഈ കാര്യം പരിഗണിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സാഹചര്യങ്ങൾ വിലയിരുത്തുവാൻ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തും. അതോടൊപ്പം വിഷയത്തിൽ പ്രത്യേക പ്രോജക്‌ട് റിപ്പോര്‍ട്ട് വിദ്യാഭ്യസ വകുപ്പ് ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചിട്ടുണ്ട്.

വിദഗ്ദ സമിതിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോർട്ടുകൾ അനുസരിച്ച് മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉന്നതതല സമിതി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. എല്ലാ അദ്ധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സിൻ നൽകിയാൽ പ്രൈമറി സ്‌കൂളുകള്‍ തുറന്നു പ്രവർത്തിക്കാമെന്നായിരുന്നു ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.

കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനും വേണ്ടിയാണ് ആരോഗ്യവിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. ഇന്ത്യയിലെയും വിദേശ സര്‍വ്വകലാശാലകളിലേയും ആരോഗ്യവിദഗ്ധരും വൈറോളജിസ്റ്റുകളുമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇപ്പോൾ രോഗികൾ ഉയരുന്നതിൽ ആശങ്ക പെടേണ്ടെന്നും ആദ്യം മുതൽ തന്നെ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെന്നും ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു. മരണനിരക്ക് ഏറ്റവും മികച്ച രീതിയിൽ നിയന്ത്രിച്ചതിന് അഭിനന്ദിച്ചതോടൊപ്പം ഇത് കൂടാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

രാത്രികാല കർഫ്യൂസ് ആവശ്യമില്ലെന്നാണ് അവരുടെ അഭിപ്രായം. വാക്സിൻ വിതരണം മികച്ച രീതിയിൽ പുരോഗമിക്കുന്നതിനാൽ രാഗവ്യാപനം പെട്ടെന്ന് തന്നെ കുറയും. ആശുപത്രിയിൽ ചികിത്സ തേടേണ്ട കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് രോഗത്തിന്റെ അപകടകരമായ അവസ്ഥ മാറിയതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുത്ത് കൂടുതൽ സ്ഥലങ്ങൾ തുറന്നു കൊടുക്കാം. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ കൊവിഡ് ഡാറ്റാ കരുതുന്ന സംസ്ഥാനം കേരളമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.