രാമനാട്ടുകരയിൽ വാഹനാപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു

Keralam News

രാമനാട്ടുകര : രാമനാട്ടുകരയിൽ ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം കൂട്ടമണ്ണ സ്വദേശി അവുലൻ അൻഷാദ് ആണ് മരിച്ചത്. സുഹൃത്തുക്കളുടെ കൂടെ കോഴിക്കോട് ബീച്ചിൽ പോയി തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി നടന്ന അപകട വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. യുവാവിന്റെ ഫോട്ടോയും ആധാർ കാർഡും വെച്ചുള്ള ശബ്ദ സന്ദേശം വാട്സ് ആപ്പിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സംഭവമറിഞ്ഞ വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രാത്രി പോവുകയായിരുന്നു.

പിതാവ് മുഹമ്മദ് അബ്ബാസ്. മാതാവ് സൗദ. രണ്ടു സഹോദരങ്ങളുണ്ട്.