വ്യായാമത്തിനിടെ ടെറസിൽ നിന്ന് വീണു പെൺകുട്ടി മരിച്ചു

Local News

ചിറ്റൂർ: പത്ത് നിലയുള്ള ഫ്ളാറ്റിലെ ടെറസിൽ നിന്ന് വ്യായാമം ചെയ്യുന്നതിനിടെ താഴോട്ട് വീണ് പെൺകുട്ടി മരിച്ചു. സഹോദരനും ബന്ധുവിനുമൊപ്പം ഇന്നലെ രാവിലെ വ്യായാമം ചെയ്യുന്നതിനിടയ്ക്കാണ് അപകടം ഉണ്ടായത്. ചിറ്റൂർ റോഡ് ശാന്തി തോട്ടക്കാട്ട് എസ്റ്റേറ്റിൽ ഐറിൻ റോയ് ആണ് മരിച്ചത്.

ടെറസിലെ കോൺക്രീറ്റ് ബെഞ്ചിനടുത്തുള്ള ആരഭിത്തിയിൽ നിന്ന് വീണ പെൺകുട്ടി ആദ്യം എട്ടാം നിലയിലെ സൺഷെഡിലേക്കും അവിടെ നിന്ന് കാർ പാർക്കിനു മുകളിലെ ഷീറ്റിലേക്കും വീണ് ഭിത്തിയിലിടിച്ച് നിലത്ത് വീഴുകയായിരുന്നു. ഐറിൻ താഴോട്ട് വീഴുമ്പോഴാണ് സഹോദരനും ബന്ധുവും കാണുന്നത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.

തൃശൂർ നിർമലമാതാ സ്കൂളിൽ നിന്നും ഈ വര്ഷം പ്ലസ് ടു വിജയിച്ച് എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു ഐറിൻ. സൗദിയിൽ ജോലി ചെയ്യുന്ന ചാലക്കുടിയിൽ തച്ചുടപറമ്പിലെ ഊക്കൻ റോയിയുടെയും ബേൻസിയുടെയും മകളാണ്. ഈ ജനുവരിയിലാണ് ഇവർ കൊച്ചിയിലേക്ക് താമസം മാറിയത്.

മരണത്തിൽ യാതൊരു തരത്തിലുമുള്ള ദുരൂഹതയുമില്ലെന്നും വ്യായാമം ചെയ്യുന്നതിനിടെ ടെറസിലെ ടൈൽ പതിപ്പിച്ച കോൺക്രീറ്റ് സ്ലാബിൽ നിന്നും കാൽ വഴുതി വീണതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ജനറൽ ആശുപത്രിയിൽ നിന്നും ബന്ധുക്കൾക്ക് നൽകും.