രാജീവ് ഗാന്ധി ഖേല്‍ രത്‌ന അല്ല, ഇനി മുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ്

India News Sports

ന്യൂഡല്‍ഹി : ഇന്ത്യൻ കായിക രംഗത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്നറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് അവാർഡ് നാമകരണം ചെയ്യണമെന്ന് അഭ്യർത്ഥന ലഭിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഖേല്‍ രത്‌ന അവാര്‍ഡിന് മേജര്‍ ധ്യാന്‍ചന്ദിന്റെ പേര് നല്‍കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. അവരുടെ കാഴ്ചപ്പാടുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്‌, ഖേല്‍ രത്ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്ന് വിളിക്കപ്പെടും! ജയ് ഹിന്ദ്! ‘ ഇതാണ് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്.

കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനം ഉയർത്തിയ പ്രമുഖ താരമാണ് ധ്യാന്‍ ചന്ദ് എന്നും നമ്മുടെ രാജ്യത്തെ പ്രധാന കായിക പുരസ്‌കാരം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നതാണ് ഉചിതമെന്നും മറ്റൊരു ട്വിറ്റർ പോസ്റ്റിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.