ഓൺലൈൻ ക്ലാസ്സുകളിൽ കയറുന്ന സാമൂഹ്യ വിരുദ്ധർക്ക് ഇനി പോക്സോ നിയമപ്രകാരം കേസ്

Education Keralam News

കോ​ഴി​ക്കോ​ട്​: ഓൺലൈൻ ക്ലാസ്സുകളിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കുകയും ചെയ്യുന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ക്ക് ഇനി പണി കിട്ടും. ഇത്തരക്കാർക്കെതിരെ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നെ​തിരെ ചു​മ​ത്തു​ന്ന ‘പോ​ക്​​സോ’ നി​യ​മം അടക്കം ചുമത്തി കേസെടുക്കാനാണ് പോലീസ് തീരുമാനം.

സ്കൂൾ ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമേറിയതോടെയാണ് പോലീസ് പുതിയ തീരുമാനം എടുത്തത്. പതിനെട്ടു വയസ്സിനു താഴെയുള്ളവർക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അയക്കുന്നത് കുറ്റകരമാവുമ്പോൾ ഓ​ണ്‍​ലൈ​ന്‍ ക്ലാസ്സിനിടയിൽ ​അ​ശ്ലീ​ലം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ഗു​രു​ത​ര കുറ്റമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കുട്ടികൾക്ക് അയക്കുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ലിങ്ക് കൈമാറുന്നതും വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ ഇടുന്നതുമാണ് ഇത്തരം സാമൂഹ്യവിരുദ്ധർക്ക് സഹായമാവുന്നതെന്ന് ഹൈ​ടെ​ക്​ ക്രൈം ​എ​ന്‍​ക്വ​യ​റി സെ​ല്‍ അ​ഡീ​ഷ​ന​ല്‍ സൂ​പ്ര​ണ്ട്​ ഇ.​എ​സ്.​ ബി​ജു​മോ​ന്‍ അഭിപ്രായപ്പെട്ടു. ഓൺലൈൻ ക്ലാസ്സുകളിൽ നുഴഞ്ഞു കയറുന്നത് ഐ.​ടി.​നി​യ​മ പ്ര​കാ​രം ഹാക്കിങായാണ് കണക്കാക്കുക. പക്ഷെ ക്ലാസുമുകളിൽ കയറി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ക​യോ അ​ശ്ലീ​ല വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെയ്‌താൽ അത് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണ്. അതുപോലെ അധ്യാപികമാർ എടുക്കുന്ന ക്ലാസുകളിൽ കയറിയാണ് ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ സ്​​ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​നെ​തി​രാ​യ വ​കു​പ്പു​ക​ളും ചേർത്ത് കേസെടുക്കാനും കഴിയും.

ഇത്തരത്തിലുള്ള അറുപതിലധികം പരാതികൾ കേരളത്തിലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ലഭിച്ചിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്ത എട്ടു കേസുകളിൽ അന്വേക്ഷണം നടക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം ആ ക്ലാസുകൾ മുടക്കി സ്​​കൂ​ള​ധി​കൃ​ത​ര്‍ പു​തി​യ ലി​ങ്ക്​ ഉണ്ടാക്കുകയാണ്​ ചെ​യ്യു​ന്ന​ത്. അതോടൊപ്പം കു​ട്ടി​ക​ളെ എ​ളു​പ്പം തി​രി​ച്ച​റി​യാ​വു​ന്ന രീ​തി​ക​ളും അധികൃതർ പിന്തുടരുന്നുണ്ട്. ക്ലാസുകൾ നടക്കുന്നത് വി​ദേ​ശ നി​ര്‍​മി​ത പ്ലാ​റ്റ്​​ഫോ​മു​ക​ളിൽ ആയതിനാൽ സ​ര്‍​ക്കാ​റി​നും ഏ​ജ​ന്‍​സി​ക​ള്‍​ക്കും സാ​​ങ്കേ​തി​ക സു​ര​ക്ഷ​യൊ​രുക്കാനും പരിമിതികളുണ്ട്.

ക്ലാസ്സിലെ ഓരോ കുട്ടിക്കും പ്രത്യേക ഐഡിയും പാസ്സ്‌വേർഡും നൽകുക, ക്ലാസ് ലിങ്ക് കൈമാറാതിരിക്കുക, സു​ര​ക്ഷി​ത ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്​​ഫോം ഉ​പ​യോ​ഗി​ക്കാൻ ശ്രമിക്കുക, ക്ലാസുകൾ തുടങ്ങുന്നതിനു മുൻപ് ഹാജർ എടുത്ത് പുറത്ത് നിന്നാരുമില്ലെന്ന് ഉറപ്പാക്കുക, ക്ലാസുകൾ റെക്കോർഡ് ചെയ്യുക, ആ​രെ​ല്ലാം ക്ലാസ്സിൽ കയറുന്നു ഇറങ്ങുന്നു എ​ന്ന്​​ അ​ധ്യാ​പ​ക​രോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​വ​രോ നി​രീ​ക്ഷി​ക്കു​ക തുടങ്ങിയവയാണ് ഇത്തരം നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാൻ സ്കൂൾ അധികൃതർക്കും വിദ്യാർത്ഥികൾക്കും നൽകുന്ന മാർഗ നിർദേശം.