പെട്ടിമുടി ഉരുള്‍പൊട്ടലിന് ഒരാണ്ട്; ധനസഹായം വേഗത്തിൽ നൽകും

Keralam News

തിരുവനന്തപുരം: താഴ്വരയിലെ ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ഉരുള്‍പൊട്ടലിന് ഇന്നേക്ക് ഒരാണ്ട്. അന്ന് അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ ബന്ധുക്കൾക്കുള്ള സർക്കാർ ധനസഹായം എത്രയും പെട്ടെന്ന് നൽകാൻ റവന്യൂ മന്ത്രി നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

മരിച്ചവിൽ 47 പേരുടെ ബന്ധുകൾക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം നൽകിയിട്ടുണ്ട്. ഇനി ബാക്കിയുള്ള 24 പേരുടെ ബന്ധുക്കൾക്ക് സഹായം കിട്ടാനുണ്ട്. സര്ക്കാര് നടപടികളിൽ പെട്ട ഇത് വൈകുകയാണ്. മൊത്തം 78 ലക്ഷം രൂപയുടെ നഷ്ടമാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. വാഹനമടക്കമുള്ള പല നഷ്ടങ്ങൾക്കും ഇപ്പോഴും ന്ടഷപരിഹാര തുക പോലുമില്ല.

അപകടം നടന്ന് പതിനാറ് ദിവസം ആളുകൾക്കായുള്ള തിരച്ചിൽ തുടർന്നിട്ടും ഇന്നും നാലു പേരെ കണ്ടെത്താനുണ്ട്. കറുപ്പായിയുടെ മകൾ കസ്തൂരിയും കൊച്ചുമകൾ പ്രിയദർശിനിയും, കാന്തിരാജിന്‍റെ മകള്‍ കാര്‍ത്തിക, ഷണ്‍മുഖനാഥന്‍റെ മകന്‍ ദിനേശ് കുമാര്‍ എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർ മരിച്ചതായി കണ്ട് ഉത്തരവിറക്കിയെങ്കിലും സിവില്‍ ഡെത്ത് ഡിക്ലറേഷന്‍ നടപടികള്‍ പൂർണമാവാത്തതിനാൽ സർക്കാരിൽ നിന്നുള്ള ധനസഹായവും കിട്ടിയിട്ടില്ല.

അപകടം നടന്ന അടുത്തുള്ള ലയങ്ങളിൽ താമസിച്ചിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. ഇതിൽ എട്ട് പേര്‍ക്ക് പുതിയ വീട് സർക്കാർ ചിലവിൽ നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട്.

ശവകുടീരങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ രാജമലയിലേക്ക് ഇന്ന് മരിച്ചവരുടെ ബന്ധുക്കളെത്തും. സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. കണ്ണന്‍ ദേവന്‍ കമ്പനി നിർമ്മിച്ച ശവകുടീരങ്ങള്‍ ബന്ധുക്കള്‍ക്കായി സമര്‍പ്പിക്കും.