മലപ്പുറത്ത് ആയിരത്തോളം പേര്‍ക്ക് ഇഫ്താറൊരുക്കി വിഷ്ണു ക്ഷേത്രകമ്മിറ്റി

Local News Religion

മലപ്പുറം: ആയിരത്തോളം പേര്‍ക്ക് ക്ഷേത്ര മുറ്റത്ത് ഇഫ്താറൊരുക്കി ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി. റമദാനില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്കായാണ് തിരൂര്‍ വാണിയന്നൂര്‍ ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രപരിസരത്ത് തന്നെ പന്തലൊരുക്കിയാണ് സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചത്. ആയിരത്തോളംപേരാണു ഇഫ്താറില്‍ പങ്കെടുത്തത് . ചടങ്ങില്‍ അതിഥിയായി പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചു.
ചാത്തങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി പ്രതിഷ്ഠദിന മഹോത്സവവും മഹാസുദര്‍ശന ഹോമവും നടന്നിരുന്നു. ഈ ചടങ്ങിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടിലേക്ക് ചുറ്റിലുമുള്ള മുസ്‌ലിം സഹോദരങ്ങളെയും ഭാരവാഹികള്‍ ക്ഷണിക്കാറുണ്ട്. എന്നാല്‍, റമദാന്‍ മാസമായതിനാല്‍ ഉച്ചക്കുള്ള പ്രസാദ ഊട്ടില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് ഇത്തവണ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്രത്യേക നോമ്പ്തുറ ക്ഷേത്രത്തില്‍ ഒരുക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ക്ഷേത്രകമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. ചുറ്റമ്പലത്തിനോടു ചേര്‍ന്നാണ് ഇതിനുവേണ്ട പന്തലൊരുക്കിയത്.