ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളിൽ ഇനി പരമാവധി 20 താരങ്ങൾ

India News Sports

മുംബൈ: ആഭ്യന്തര തലത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ഇനി പരമാവധി ഇരുപത് കായിക താരങ്ങളെ വരെ ഉൾപ്പെടുത്താം. ബിസിസിഐയാണ് ഇതുസംബന്ധിച്ചുള്ള അനുമതി നൽകിയത്. ഈ ടീമുകളുടെ പരിശീലക സംഘത്തിലേക്കും പരമാവധി പത്തു പേരെ ഉൾപ്പെടുത്താമെന്നുമുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ബിസിസിഐ ഈ കാര്യത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത്.

ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ജനുവരി അഞ്ചിന് തുടങ്ങും. കോവിഡ് വ്യാപനമായതിനാൽ കഴിഞ്ഞ വട്ടം മത്സരങ്ങൾ ഉണ്ടായിരുന്നില്ല. എട്ട് ടീമുകൾ അടങ്ങിയ ഒരു പ്ലേറ്റ് ഗ്രൂപ്പും ആറ് ടീമുകൾ അടങ്ങിയ അഞ്ച് എലൈറ്റ് ഗ്രൂപ്പുമാണ് മത്സരത്തിനുള്ളത്. ഇതിലെ ഓരോ ടീമുകൾക്കും അഞ്ച് മത്സരങ്ങള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. എലൈറ്റ് ഗ്രൂപ്പിലെ മത്സരങ്ങളിൽ ജയിച്ച ടീമിന് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കാം. പക്ഷെ പ്ലേറ്റ് ഗ്രൂപ്പിലെ വിജയികളും എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം നേടിയവരും തമ്മിൽ മത്സരിച്ച് വിജയിക്കുന്ന ടീമിനാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത ലഭിക്കുക.