അഫ്ഗാനിസ്ഥാൻ ജനത കൊടും പട്ടിണിയിലേക്കെന്ന് യു എന്‍ ഭക്ഷ്യഏജന്‍സി

International News

താലിബാന്‍ അഫ്ഗാനിസ്ഥാൻ കൈയേറിയതിനു പിന്നാലെ രാജ്യത്ത് കൊടും പട്ടിണിയുണ്ടാകുമെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സി. ആകെ 3.8 കോടി ജനങ്ങളുള്ള അഫ്ഗാനിസ്ഥാനിൽ 1.4 കോടി ആളുകളും കൊടും പട്ടിണിയിലേക്ക് പോകുമെന്നാണ് ഭക്ഷ്യ ഏജന്‍സിയുടെ വിലയിരുത്തൽ.

കഴിഞ്ഞ മെയ് മാസത്തിൽ അഫ്ഗാനിസ്ഥാനിലെ 40 ലക്ഷം ആളുകൾക്ക് ഭക്ഷ്യ ഏജന്‍സിയുടെ വക സഹായം നൽകിയിരുന്നു. ഇത് അടുത്ത താമസം മുതൽ 90 ലക്ഷം ആളുകളിലേക്ക് എത്തിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിനു മാത്രമായി 20 കോടി ഡോളര്‍ ആവശ്യമായി വരുമെന്നും യു എന്‍ ഭക്ഷ്യ ഏജന്‍സി വ്യക്തമാക്കി.

അന്താരാഷ്ട്ര നാണ്യനിധി അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര ധന വിനിമയം നടത്തുന്നതിനുള്ള അവകാശം എടുത്തുകളഞ്ഞിരുന്നു. അതിനാൽ മറ്റു രാജ്യങ്ങളുമായി വ്യാപാരം ചെയ്യാനും ധനസഹായം സ്വീകരിക്കാനും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും. യുദ്ധവും കോവിഡും മൂലമുണ്ടായ പ്രതിസന്ധികളുടെ കൂട്ടത്തിൽ ധന വിനിമയത്തിനുള്ള ഉപരോധവും രാജ്യത്തെ ഭക്ഷ്യപ്രതിസന്ധിക്ക് കരണമാവുമെന്ന് വിദഗ്ധർ പറയുന്നുണ്ട്.