മാരകമയക്കുമരുന്നായ എംഡിഎംഎയുമായി 21കാരന്‍ പിടിയില്‍

Breaking Crime News

മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി 21വയസ്സുകാരന്‍ മലപ്പുറം വഴിക്കടവില്‍ പിടിയില്‍. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടന്‍ മുഹമ്മദ് അഷറഫ് ഷാഹിനെ (21) യണ് വഴിക്കടവ് സബ് ഇന്‍സ്പെക്ടര്‍ തോമസ്‌കുട്ടി ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നു പോലീസ് സംഘം മുണ്ടയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നു നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ജില്ലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ ഉടനീളം മയക്കുമരുന്നു പരിശോധന ശക്തമാക്കി വരികയായിരുന്നു. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളില്‍ നിന്നു സിന്തറ്റിക് മയക്കുമരുന്നിനങ്ങളില്‍പ്പെട്ട എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയവ എത്തുന്നതായി പോലീസിനു നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഗ്രാമിന് മുവായിരം രൂപ മുതല്‍ അയ്യായിരം വരെ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് ഇവ വില്‍പ്പന നടത്തുന്നതെന്നും കൈകാര്യം ചെയ്യാന്‍ എളുപ്പമായതിനാലാണ് കഞ്ചാവ് കച്ചവടം നിര്‍ത്തി എംഡിഎംഎയുടെ കച്ചവടം നടത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.അബ്രഹാം, വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡിലെ അഭിലാഷ് കൈപ്പിനി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, കെ.ടി ആശിഷ് അലി, സിപിഒമാരായ എസ്. പ്രശാന്ത്കുമാര്‍, ടി.വി നിഖില്‍, കെ. ഷെരീഫ്, ഡബ്ല്യൂസിപിഒ കെ.സി ഗീത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലേക്ക് റിമാന്‍ഡ് ചെയ്തു.