കൊട്ടക പണിയാൻ, ഓലമെടയൽ മത്സരം

Local News

കോഡൂർ : ജനകീയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലുള്ള കലാലെയോടനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി വലിയാടിൽ സിനിമ കൊട്ടകയൊരുങ്ങുന്നു. ഓലമേഞ്ഞ തടുക്ക് ഉപയോഗപ്പെടുത്താം എന്ന ആശയത്തിലാണ് തടുക്കുമെടയൽ മത്സരം സംഘടിപ്പിച്ച് സംഘാടകർ വ്യത്യസ്തരാവുന്നത്. തടുക്കുമെടയൽ പുതുതലമുറയ്ക്ക് വശമില്ലാത്തതാണെതെങ്കിലും ഞായറാഴ്ച മൈത്രിനഗറിൽ വെച്ച് നടത്തിയ മത്സരത്തിൽ യുവജനങ്ങളുൾപ്പെടെ 25 പേർ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ നൂറിലധികം ഓലമേഞ്ഞ തടുക്കുകൾ ഒരു മണിക്കൂറിനകം പൂർത്തിയാക്കി. വരും ദിവസങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ വലിയാട്ടിൽ ഓലമേഞ്ഞ സിനിമ കൊട്ടകയൊരുങ്ങും.മത്സരത്തിൽ തലപ്പുളളി കമല ഒന്നാം സ്ഥാനവും മുസ്തഫ മൈത്രി നഗർ, തങ്ക തലപ്പുള്ളി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. രാവിലെ ഏഴു മുതൽ ആരംഭിച്ച ക്യാമ്പ് വാർഡ് മെമ്പർ ശ്രീജ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് ബാബു മഠത്തിൽ സ്വാഗതവും ട്രഷറർ പി കെ മനോജ് നന്ദിയും പറഞ്ഞു. വി പി മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.