സ്വർണ്ണക്കടത്ത് സംഘത്തെ അറസ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി

Crime Keralam News

കരിപ്പൂർ സ്വർണ കള്ളകടത്ത് കേസിൽ സംഘത്തലവനായ സൂഫിയാൻ ഉൾപ്പെടെയുള്ള 12 ആളുകളെ അറസ്റ്റു ചെയ്യണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് ജയിലിൽ പോയി കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികളുടെ അറസ്റ്റ് രജിസ്റ്റർ ചെയ്യും. പ്രതികൾ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ പലതവണ സ്വർണ്ണ കള്ളക്കടത്ത് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതിനാലാണ് അറസ്റ്റിന് അനുമതി നൽകിയത്.

കഴിഞ്ഞ ജൂണിലാണ് സഹോദരൻ ഫിജാസ് പിടിയിലായതിനു പിന്നാലെ കൊടുവള്ളിയിലെ വാവാട് സ്വദേശിയായ സൂഫിയാൻ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ വന്ന് സ്വമേധയാ കീഴടങ്ങിയത്. സ്വർണം കടത്തിയ കേസിൽ തന്നെ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ച സൂഫിയാനാണ് സ്വർണക്കടത്തിനു വേണ്ടിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നത്.

കരിപ്പൂരിലൂടെ സ്വർണം കടത്തിയിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ നിർദേശപ്രകാരമാണെന്ന് സൂഫിയാന്‍ കസ്റ്റമ്സിനോട് സമ്മതിച്ചിട്ടുണ്ട്. ഇയ്യാൾ സ്ഥിരമായി തന്നെയും കൂട്ടുകാരെയും ഉപദ്രവിക്കുമായിരുന്നെന്നും അതിനാലാണ് വിമാനത്താവളത്തിലേക്ക് പോയതെന്നും സുഫിയാന്‍ പറഞ്ഞു. സ്വർണം കടത്തിയ ആളുകളെ പോലും ആക്രമിച്ച് അര്‍ജുന്‍ സ്വർണം തട്ടിയെടുക്കാറുണ്ടെന്നും കരിപ്പൂര്‍ സ്വർണ കടത്തുകേസിന്റെ ഉത്തരവാദിത്വം താൻ ഒരിക്കലും ഏറ്റെടുക്കില്ലെന്നും പ്രതി വ്യക്തമാക്കിയിട്ടുണ്ട്.