അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ: ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

International News Sports

അന്താരാഷ്‌ട്ര ഫുട്ബാളിൽ പുതിയ ചരിത്ര റെക്കോർഡുമായി പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരിൽ ചേർത്തത്. പോർച്ചുഗലിനായി 180 മത്സരങ്ങളിൽ നിന്നും 111 ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. ഇറാന്റെ ദേശീയ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ തകർത്തത്.

ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെ ഇരട്ട ഗോൾ നേടിയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. 88 മിനിറ്റു വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം 89 ആം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടിയ താരം എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം മറ്റൊരു തകർപ്പൻ ഹെഡറിലൂടെ രണ്ടാം ഗോൾ നേടി. ഈ ചരിത്ര നേട്ടത്തോടെ മത്സരത്തിന്റെ ആദ്യ സമയത് ലഭിച്ച പെനാൽട്ടി പാഴാക്കിയതിന് റൊണാൾഡോ പകരം വീട്ടുകയായിരുന്നു.

അയർലണ്ടിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തോടെ റൊണാൾഡോ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന റെക്കോർഡിൽ സെർജിയോ റാമോസിന്റെ ഒപ്പമെത്തി. തന്റെ പഴയ തട്ടകമായ പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്ന ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.