എ ടി എം രൂപത്തിൽ സ്മാർട്ട് ആകാനൊരുങ്ങി റേഷൻ കാർഡും

Keralam News

സംസ്ഥാനത്ത് റേഷൻ കാർഡുകൾ എല്ലാം ഇനി എ ടി എം രൂപത്തിലേക്ക് മാറും. ചെറിയ സ്മാർട്ട് റേഷൻ കാർഡുകളുടെ ആദ്യ ഘട്ട വിതരണം നവംബർ ആദ്യ വാരം മുതൽ ആരംഭിക്കും. 25 രൂപ നിരക്കിൽ റേഷൻ കാർഡ് ഉടമകൾക്ക് സ്മാർട്ട് കാര്ഡിലേക്ക് മാറാൻ സാധിക്കും. എന്നാൽ മുൻഗണനാ വിഭാഗക്കാർക്ക് സൗജന്യമായി തന്നെ സ്മാർട്ട് റേഷൻ കാർഡ് ലഭ്യമാകുമെന്നും സംസ്ഥാന സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സ്മാർട്ട് കാർഡ് ലഭിക്കാനായി ഉടമകൾ സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ താലൂക്ക് സപ്ലൈ ഓഫീസിലോ അപേക്ഷിക്കണം. അപേക്ഷ അംഗീകാരം ലഭിച്ചാൽ സിവില്‍ സപ്ലൈസ് വെബ്സെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തോ സപ്ലൈ ഓഫീസില്‍ നിന്നും കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാൻ കഴിയും. സ്മാർട്ട് കാർഡ് ആയതുകൊണ്ട് തന്നെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ആയും ഇനി മുതൽ റേഷൻ കാർഡ് ഉപയോഗിക്കാൻ കഴിയും.

എ ടി എം രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വരുന്നതോടെ സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രങ്ങളില്‍ ക്യൂആര്‍ കോഡ് സ്കാനറുകൾ സ്ഥാപിക്കാനും നടപടിയായി. പേര്, ഉടമയുടെ ഫോട്ടോ, ക്യൂആര്‍ കോഡ്, വരുമാനം, വീടിന്റെ വിവരങ്ങൾ എന്നിവയാണ് സ്മാർട്ട് റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക.