വിസ്മയയുടെ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും; കിരണിനെതിരെ ഒൻപത് വകുപ്പുകൾ

Crime Keralam News

കൊല്ലം: സ്ത്രീധന പീഡനത്തിന്റെ പേരിൽ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ആത്മഹത്യ നടന്ന 90 ദിവസം പൂർത്തിയാകുന്നതിനു മുൻപാണ് വിസ്മയയുടെ ഭർത്താവ് കിരൺ പ്രതിയായ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. നൂറ്റിരണ്ട് സാക്ഷികളുള്ള കേസിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയവ അടക്കമുള്ള ഒൻപതു വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുന്നത്.

ഈ കേസിൽ അറസ്റ്റിലായിരുന്ന കിരൺ ഇപ്പോഴും ജയിലിലാണുള്ളത്. ഇയാൾ ജ്യാമത്തിൽ പുറത്തിറങ്ങാതിരിക്കാനാണ് 90 ദിവസങ്ങൾക്കു മുൻപ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ കേസിന്റെ വിചാരണ കഴിയുന്നത് വരെ ജാമ്യം ലഭിക്കില്ല. വിസ്മയ തന്റെ അവസ്ഥകൾ തുറന്നു പറഞ്ഞു വീട്ടുകാർക്കും സുഹൃത്തുക്കള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് കിരണിനെതിരെയുള്ള പ്രധാന തെളിവ്. ഇതോടൊപ്പം വലിയ മാനസിക പീഡനം വിസ്മയ നേരിട്ടിരുന്നു എന്ന് കാണിക്കുന്ന സാഹചര്യത്തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിസ്മയയുടെ സുഹൃത്തുകള്‍, വീട്ടുക്കാർ, മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, തുടങ്ങിയവരാണ് സാക്ഷി പട്ടികയിൽ പ്രധാനമായും ഉള്ളത്. ഇതോടൊപ്പം മൊബൈൽഫോൺ അടക്കം ഇരുപതു തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കും. ഇതേ കേസിൽ കിരണിന്റെ വീട്ടുക്കാർക്കെതിരെയും കുറ്റാരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും കിരണിനെ കൂടാതെ മറ്റാരെയും പ്രതി ചേർക്കേണ്ടെന്നായിരുന്നു പോലീസിന്റെ തീരുമാനം.