നിരോധിത മേഖലയിലേക്ക് കടന്ന് വാഹനത്തിൽ അഭ്യാസപ്രകടനം; വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ

Crime Local News

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലേക്ക് കടന്ന് വാഹനത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തി അപകടമുണ്ടാക്കിയതിന് യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴ വിധിച്ച് മോട്ടോര്‍വാഹന വകുപ്പ്. മലമ്പുഴ അകമലവാരത്ത് അമിത വേഗത്തിൽ വണ്ടി ഓടിച്ചതിനും വണ്ടി രൂപമാറ്റം വരുത്തിയതിനുമാണ് പിഴ ഇട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് സ്വദേശികളായ വ്‌ലോഗര്‍മാർക്കാണ് 10500 രൂപ പിഴ വിധിച്ചത്.

വണ്ടിയുമായി അഭ്യാസ പ്രകടനമാണ് നടത്തുന്നതിന്റെയും അപകടം ഉണ്ടാവുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് കോഴിക്കോട് ആര്‍ടിഐ ഓഫിസിൽ രജിസ്റ്റർ ചെയ്ത വാഹനത്തിനെതിരെ നടപടിയെടുത്തത്. അനുമതി ഉള്ളതിലും കൂടുതൽ വീതിയുള്ള ചക്രങ്ങളായിരുന്നു വണ്ടിയുടേത്. നടപടിയുടെ അടിസ്ഥാനത്തിൽ ചക്രങ്ങൾ മാറ്റിയതായി വ്‌ലോഗര്‍മാര്‍ പറഞ്ഞു. ഡാമിന്റെ നിരോധിത മേഖലയിലേക്ക് കടന്നതിനു ജലവിഭവ വകുപ്പിലേക്ക് സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം പരാതി നൽകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.