തോല്‍ക്കില്ല, തോല്‍പ്പിക്കാനാവില്ല. വീല്‍ചെയറിലെത്തുന്ന പ്രിന്‍സിപ്പലിനെ

Feature Keralam News

ആബിദ പുളിക്കൂര്‍

കാസര്‍കോഡ്: ഏത് പ്രതിസന്ധിഘട്ടത്തെയും നിഷ്പ്രയാസം തരണം ചെയ്യാനാകുമെന്ന് നമ്മെ പഠിപ്പിക്കുകയാണ് കരിവെള്ളൂര്‍ – പെരളത്തെ ഡോ. എം. ബാലന്‍. ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലും വീടിനുള്ളില്‍ നിരാശയോടെ കഴിയാന്‍ തയ്യാറല്ല. കാസറഗോഡ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം. ബാലന്‍. മനക്കരുത്തിന്റെ പ്രതീകമായ ബാലന്‍ മാഷ് വീല്‍ച്ചെയറിലൂടെ സ്‌കൂളിലെത്തി തന്റെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുകയാണ്. അപകടം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഓഫീസിലേക്ക് പോകാന്‍ തുടങ്ങിയിരുന്നു. ജ്യേഷ്ഠനും റിട്ട : അദ്ധ്യാപകനുമായി കെ. ദാമോദരന്‍ ആണ് കൂട്ടിനു വരുന്നത്

2019 നവംബര്‍ 11 ന് ഇരിയണ്ണി യില്‍ കാസര്‍കോട് ജില്ല യുവജനോത്സവം കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിയോടെ പെരളത്തെ വീട്ടിലേക്കുള്ള യാത്രാ മധ്യേ, കുറുകെ ഒരു മുള്ളന്‍പന്നി ചാടി നിയന്ത്രണംവിട്ട് ബൈക്കില്‍നിന്ന് തലയടിച്ചു വീണു. ബോധമുണ്ടായിരുന്ന നേരത്ത് ഭാര്യയെ വിളിച്ചു പറഞ്ഞു. പിന്നീട് കോഴിക്കോടും വെല്ലൂരുമായി മാസങ്ങള്‍ നീണ്ട ചികിത്സ. പ്രസംഗ വേളയിലെ ഇഷ്ട കഥാപാത്രങ്ങളായ ഗെയില്‍ ഡെവേഴ്‌സും ഹെലന്‍ കെല്ലറും – നര്‍ത്തകി സുധാ ചന്ദ്രനും മനസ്സില്‍ ഊര്‍ജ്ജമായി. എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലും പതറാത്ത പിടിച്ചുനിന്നു ഭാര്യ കൈക്കോട്ടുകടവ് ഹൈ സ്‌കൂള്‍ അധ്യാപിക ഷൈനിയും മകള്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മാളവികയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒപ്പം നിന്നു.

ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് ഊര്‍ജ്ജം പകര്‍ന്നു. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം സ്‌കൂളിലെത്തുന്ന ബാലന്‍ മാഷ് അക്കാദമിക്ക് രംഗത്തെ മുമ്പത്തേക്കാള്‍ സജീവം. ദിവസേന നിരവധി പ്രസംഗങ്ങള്‍, യോഗങ്ങള്‍, ആശംസകള്‍, എല്ലാം വീല്‍ചെയറിലിരുന്ന് ആത്മധൈര്യത്തോടെ നിര്‍വഹിക്കുന്നു. കൊറോണക്കാലത്ത് കാസര്‍കോട് ഡയറ്റ് നടപ്പിലാക്കിയ പല പദ്ധതികളും സംസ്ഥാന തലത്തില്‍ തന്നെ മാതൃകയായി. ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് ‘പ്രിയപ്പെട്ട രക്ഷിതാവിന് ‘ പരിശീലനം അധ്യാപകര്‍ക്കുള്ള ഇ – സ്‌കൂള്‍ പരിശീലനവും കുട്ടികള്‍ക്കായുള്ള വീട്ടുമുറ്റ ക്ലാസുകള്‍ എന്നിവ അവയില്‍ ചിലതുമാത്രം. വിദ്യാഭ്യാസ പദ്ധതികള്‍ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള കൈ പുസ്തകവും ബാലന്‍ മാഷിന്റെ നേതൃത്വത്തില്‍ ഡയറ്റ് ഒരുക്കുന്നുണ്ട്. സ്‌കൂളിനെ സംബന്ധിച്ച്, നാട്ടുമാവ് സംരക്ഷിക്കുന്ന കേന്ദ്രമാക്കുക എന്നാല്‍ അടുത്ത ലക്ഷ്യത്തോടെ ബാലന്‍ മാഷ് തുടരുകയാണ്.