ചന്ദന കടത്തിനിടെ ഒരാള്‍ അറസ്റ്റില്‍ കൂട്ടാളി ബൈക്കില്‍ രക്ഷപ്പെട്ടു

Breaking Crime Keralam News

മലപ്പുറം: പെരുമ്പടപ്പില്‍ മോഷ്ടിച്ച ചന്ദനത്തടി വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ അയിലക്കാട് സ്വദേശി മാഞ്ഞാമ്പ്രയില്‍ ഹൗസില്‍ അനഫി (33) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം മാറഞ്ചേരിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചന്ദനം കടത്തുകയായിരുന്ന അനഫിയെ പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. പെരുമ്പടപ്പ് ഭാഗത്ത് നിന്നും എടപ്പാള്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന അനഫി പൊലീസിനെ കണ്ടപ്പോള്‍ തിരിച്ചു പോവാന്‍ ശ്രമിച്ചു.ഉടന്‍ പൊലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ കൈയ്യില്‍ 2 .05കിലോചന്ദനം കണ്ടെത്തിയത്.മറ്റൊരു ബൈക്കില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മാറഞ്ചേരി സ്വദേശി ഷംസീര്‍ ഇതിനിടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. എടപ്പാള്‍ ചേകന്നൂരിലെ കുന്നിന്‍ മുകളില്‍ നിന്നാണ് ചന്ദനം മോഷ്ടിച്ചതെന്ന് അനഫി പൊലീസിനോട് പറഞ്ഞു.ഇയാളുടെ ബാഗില്‍ നിന്ന് വെട്ടുകത്തി, മരം മുറിക്കുന്ന വാള്‍ ,മൊബെല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കൂട്ടു പ്രതിയായ ഷംസീര്‍ ഒളിവിലാണ്. പെരുമ്പടപ്പ് സി.ഐ വിമോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാം, ശ്രീനി,സി.പി.ഒമാരായ കലാം, അനില്‍, അനീഷ് എന്നിവര്‍ വാഹന പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു