കർഷക സമരം ജനജീവിതത്തെ ബാധിക്കുന്നെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു

India News

ദില്ലി: കര്‍ഷക സമരം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നാലു സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ. തിക്രി, ഗാസിപ്പൂർ, സിംഘു ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിൽ തുടർന്ന് കൊണ്ടിരിക്കുന്ന കർഷക സമരം ഗതാഗതത്തെയും ദൈന്യംദിന ജീവിതത്തെയും വ്യവസായത്തെയും സാരമായി ബാധിച്ചുവെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ലഭിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്.

2020 നവംബർ 26 നാണ് ദില്ലിയുടെ അതിർത്തികളിൽ കർഷകർ സമരം ആരംഭിച്ചത്. പ്രധാന പാതകൾ ഉൾപ്പെടെ ഉപരോധിച്ചു കൊണ്ടുള്ള സമരം മൂലം ദില്ലിക്കുള്ളിലേക്കും പുറത്തേക്കുമുള്ള ഗതാഗതം ബുദ്ധിമുട്ടിലായി. കിലോമീറ്ററുകൾ അധികമായി യാത്ര ചെയ്യേണ്ട അവസ്ഥയായെന്നും പരാതിയിൽ പറയുന്നു. ഇതിനു പുറമെ സിംഘുവിലുള്ള 9000 ചെറുകിട വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പലപ്പോഴും സമരങ്ങളിൽ ലംഘിക്കുന്നതാണ് പരാതിയിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ദില്ലി, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

എന്നാൽ പ്രാദേശിക പിന്തുണ തങ്ങൾക്കുണ്ടെന്നും തങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ശ്രമിക്കാത്ത സർക്കാരിന്റെ ഈ നടപടികളിലൂടെ സമരം അവസാനിപ്പിക്കില്ലെന്നാണ് കിസാൻ മോർച്ച നേതാക്കൾ പ്രതികരിച്ചത്.