ആര്‍ട്ട് വാക്ക്’ വിദ്യാര്‍ത്ഥി പ്രഘോഷം പ്രൗഢമായി;എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് നാളെ തുടക്കം

Local News

മലപ്പുറം: ‘മലപ്പുറത്തിന്റെ ജൈവിക താളം’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ ഭാഗമായി എസ്.എസ്.എഫ് ദഅവാ സെക്ടറുകള്‍ക്ക് കീഴില്‍ നടന്ന ആര്‍ട്ട് വാക്ക് വിദ്യാര്‍ത്ഥി പ്രഘോഷം ശ്രദ്ധേയമായി. കിഴക്കേത്തല, നൂറാടി, മൂന്നാംപടി, എം.എസ്.പി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച റാലി കുന്നുമ്മലില്‍ സംഗമിച്ചു. എസ്.വൈ.എസ് മലപ്പുറം സോണ്‍ സെക്രട്ടറി അബ്ബാസ് സഖാഫി കോഡൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ദഅ്‌വാ സെക്ടര്‍ നേതാക്കളായ ശമീം മേല്‍മുറി, അനീസ് വേങ്ങര, ഹാഫിസ് മിദ്ലാജ് വാണിയന്നൂര്‍, ഹാഫിസ് അഫ്‌ലാഹ് വൈലത്തൂര്‍, മുന്‍ഷിര്‍ പൂക്കോട്ടൂര്‍, റാഷിദ് ആമപ്പോയില്‍. ശമ്മാസ് മേല്‍മുറി, മുഖത്താര്‍ മേല്‍മുറി, സയ്യിദ് ലുത്വ്ഫിബാഹസന്‍ , സയ്യിദ് ഫാസില്‍ ഊരകം,ഹാഫിസ് സിനാന്‍ ബുസ്താനി, മുബഷിര്‍ വല്ലപ്പുഴ, സഫ്വാന്‍ തെന്നല,സൈഫുദ്ധീന്‍ തളിപ്പറമ്പ്,മുര്‍ഷിദ് പേരാമ്പ്ര, സഹദ് വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.
സാഹിത്യോത്സവ് ഇന്ന് വൈകുന്നേരം 7 ന് പ്രശസ്ത സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിക്കും. വൈകുന്നേരം 5 ന് നടക്കുന്ന പതാക ഉയര്‍ത്തലിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍ നേതൃത്വം നല്‍കും. പതാക ഉയര്‍ത്തലിന്റെ മുന്നോടിയായി മലപ്പുറം ശുഹദാക്കള്‍ മഖാം സിയാറത്ത് നടക്കും. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പതാക കോട്ടപ്പടി ബസ്റ്റാന്റ് പരിസരത്തെ പ്രധാന വേദിയില്‍ എത്തിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാലസഞ്ചയം, പാട്ടുപട, പ്രവാസി സംഗമം, വിദ്യാഭ്യാസ സെമിനാര്‍, കൃഷി വൃത്താന്തങ്ങള്‍, പുസ്തകോത്സവ്, കവിയരങ്ങ്, ആത്മീയ സമ്മേളനം എന്നിവ നടക്കും.
ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം 5 ന് സാഹിത്യോത്സവ് മത്സര പരിപാടികള്‍ക്ക് തുടക്കമാകും. 162 മത്സരങ്ങളില്‍ ജില്ലയിലെ 12 ഡിവിഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 2500 പ്രതിഭകള്‍ മാറ്റുരക്കും. വൈകുന്നേരം 7 ന് നടക്കുന്ന മലപ്പുറത്തിന്റെ ‘സ്നേഹ ഭൂപടം’ സൗഹൃദ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
ജൂലൈ 23 ഞായറാഴ്ച വൈകുന്നേരം 5 ന് സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.