പക്ഷികളിലൂടെ കോവിഡ് പടരും: മുളച്ചെടികൾ മുറിച്ച് അസം

India News

അസം: പക്ഷികളിലൂടെ കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുളച്ചെടികൾ മുറിച്ച് അസം. ഉദൽ‌ഗുരി ജില്ലയിലെ തങ്‌ല നഗരസഭയിലാണ് സംഭവം. അഞ്ച് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മുളങ്കാടുകളാണ് മുറിച്ച് മാറ്റിയത്.

മുളങ്കാടുകൾ നീക്കം ചെയ്തതിലൂടെ ഒരുപാട് കൊറ്റികൾ ചത്തു വീണു. മാത്രമല്ല കൊറ്റികളുടെ പ്രജനന കാലമായതുകൊണ്ടുതന്നെ ദിവസങ്ങൾ മാത്രം പ്രായമുള്ള കൊറ്റിയുടെ കുഞ്ഞുങ്ങളും അവ അട വിരിയിപ്പിക്കാൻ വെച്ചിരുന്ന മുട്ടകളും നശിച്ചു. ജൂൺ എട്ടിനാണ് സ്ഥലം ഉടമകളായ അഞ്ച് വ്യക്തികൾക്ക് തങ്‌ല മുനിസിപ്പൽ കമ്മിറ്റി മുളകൾ മുറിച്ച് മാറ്റാൻ നിർദ്ദേശം നൽകി നോട്ടീസ് അയച്ചത്. സമിതിക്ക് കീഴിലുള്ള ഒന്ന്, രണ്ട് വാർഡുകളിലെ പ്രദേശങ്ങളിലായിരുന്നു നിർദ്ദേശം.

പക്ഷികളുടെ കാഷ്ടങ്ങൾ കാരണം അന്തരീക്ഷം വൃക്തിഹീനമാകുന്നു. അത് കോവിഡ് വ്യാപനത്തിന് കാരണമാകും. അതുകൊണ്ട് മുളങ്കാടുകൾ നീക്കം ചെയ്തുകൊണ്ട് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കണം എന്ന് തങ്‌ല മുനിസിപ്പൽ കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറിന്റെ ഒപ്പിട്ട കത്തിൽ പറയുന്നു. മുളങ്കാടുകൾ നീക്കം ചെയ്യാൻ ഉടമസ്ഥർ സമ്മതിക്കാതിരുന്നതിനാൽ നഗരസഭ നിയോഗിച്ച തൊഴിലാളികളാണ് മുളകൾ വെട്ടി മാറ്റിയത്.