മിനിമം ചാർജ് 12 രൂപയാക്കണം ; നവംബർ 9മുതൽ അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസ്സുകൾ സര്‍വീസ് നിര്‍ത്തിവെക്കും

Keralam News

തിരുവനന്തപുരം : നവംബര്‍ ഒന്‍പതു മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ബസ് ഓണേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. ഇന്ധനവില വർദ്ധിക്കുന്നതുകൊണ്ട് മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം.

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കുക, കിലോമീറ്ററിന് ഒരു രൂപയായി വര്‍ദ്ധിപ്പിക്കുകയും തുടര്‍ന്നുള്ള ചാര്‍ജ് യാത്രാനിരക്കിന്റെ 50 ശതമാനമാക്കണമെന്നുമാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നവരെ വാഹന നികുതി ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പക്ഷെ കൊവിഡ് പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ദ്ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ ആകുമെന്ന് അറിയില്ലെന്നും ഗതാഗതമന്ത്രി നേരത്തേ പ്രതികരിച്ചിരുന്നു.