മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലിആഘോഷങ്ങള്‍ക്ക് നാളെചെന്നൈയില്‍ തുടക്കം

Local News Politics

മലപ്പുറം: മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ ചെന്നൈയില്‍ തുടക്കമാവും. രാവിലെ 11ന് ആള്‍ ഇന്ത്യ കെ.എം.സി.സി തമിഴ്‌നാട് ഘടകം ചെന്നൈ റമസാന്‍ മഹലില്‍ 75 നിര്‍ധന യുവതികളുടെ വിവാഹം നടത്തും. ചടങ്ങുകള്‍ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുഫ്തി മുഹമ്മദ് സലീഹുദ്ദീന്‍ അയ്യൂബി നേതൃത്വമേകും. നാളെ രാവിലെ 10ന് ചെന്നൈ കലൈവാണം അരങ്കം ഓഡിറ്റോറിയത്തിലെ പ്രതിനിധി സമ്മേളനത്തോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.കെ.എം.ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എ.എം.അബൂബക്കര്‍ പങ്കെടുക്കും. മതേരത ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പ്പിന്റെയും ഏഴര പതിറ്റാണ്ട്, രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്ക് എന്നീ പ്രമേയങ്ങള്‍ അവതരിപ്പിക്കും.
10ന് രാവിലെ 9.30ന് മുസ്ലിം ലീഗ് രൂപീകരണ യോഗം ചേര്‍ന്ന രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. ഒമ്പത് ഭാഷകളില്‍ പ്രതിനിധികള്‍ പ്രതിജ്ഞയെടുക്കും. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജെ.എം.അക്ബറലി, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അബ്ദുസമദ് സമദാനി എം.പി, സിറാജ് ഇബ്രാഹീം സേട്ട്, ഖുറം അനീസ് ഒമര്‍, എന്‍.ജവീദുള്ള, അഡ്വ.ബഷീര്‍ അഹമ്മദ്, ജഫറുള്ള മൊല്ല, അസ്ലം മൊല്ല സംസാരിക്കും. വൈകിട്ട് ഓള്‍ഡ് മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖൗഇദെ മില്ലത്ത് നഗറില്‍ റാലിയും സമാപന സമ്മേളവും തമിഴ്‌നാട്ടിലെ വളണ്ടിയര്‍മാരുടെ ഗ്രീന്‍ഗാര്‍ഡ് പരേഡും നടക്കും. സമാപന സമ്മേളനം രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യാതിഥിയാവും. ദേശീയ പ്രസിഡന്റ് കെ.എം.ഖാദര്‍ മൊയ്തീന്‍ അദ്ധ്യക്ഷനാവും. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പി.വി.അബ്ദുല്‍ വഹാബ് എം.പി, എം.കെ.മുനീര്‍, കെ.പി.എ. മജീദ്, പി.എം.എ സലാം, കെ.എ.എം മുഹമ്മദ് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.