പ്ലസ് വൺ വിദ്യാർത്ഥിയെ മദ്യപാനി സംഘം മർദിച്ച സംഭവത്തിൽ അഞ്ചു പേർ പിടിയിൽ

Crime Keralam News

തിരുവനന്തപുരം: അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മദ്യപാനി സ൦ഘ൦ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റിലായി. രാഹുല്‍, വിഷ്ണു, സുബിൻ, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിൽ പോയിരുന്നു .

ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയ വിദ്യാർഥിയെയാണ് മദ്യ പാനി സംഘങ്ങൾ ക്രൂരമായി മർദിച്ചത്. അവശനിലയിലായ വിദ്യാർഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് . കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ പകർത്തുകയും, ആരോടെങ്കിലും പറഞ്ഞാൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .

പതിനഞ്ചോളം ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നതായാണ് വിദ്യാർഥി പറയുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവർ ആറ്റിലെ വെള്ളം നൽകി. ജീവനോടെ കുഴിച്ചുമൂടുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത് . സംഭവ ദിവസം തന്നെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്ന് ആരോപണവും ഉയർന്നിരുന്നു. ഈ ആരോപണം പൊലീസ് നിഷേധിച്ചതിനു പിന്നാലെയാണ് ഇപ്പോൾ അഞ്ച് പേർ അറസ്റ്റിലായെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.