കേരളത്തിലെ ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി ഉടൻ നൽകണം

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് കുടുംബശ്രീ നടത്തുന്ന ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ള കുടിശിക എത്രയും വേഗം കൊടുത്തു തീർക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുള്ള എം.എൽ.എ പുൽപ്പറ്റ പഞ്ചായത്തിലെ സാന്ത്വനം കുടുംബശ്രീ പ്രവർത്തകർക്കൊപ്പം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് നിവേദനം നൽകി.

20 രൂപയ്ക്ക് ഊണും 25 രൂപ പാഴ്സൽ ഊണും നൽകുന്ന ജനകീയ ഹോട്ടലുകൾക്ക് 10 രൂപ വീതമാണ് സർക്കാർ സബ്സിഡി. സംസ്ഥാനത്ത് ഏകദേശം ഒരു ദിവസം രണ്ട് ലക്ഷം ഊണു വിളമ്പുന്നുവെന്നാണ് കണക്ക്. എന്നാൽ കുടിശിക വന്നതോടെ ഹോട്ടലുകളുടെ ദൈനം ദിന നടത്തിപ്പ് പ്രതിസന്ധിയിലാവുകയും കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യവുമുണ്ടായി.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ഗ്യാസ് , വെള്ളം, വൈദ്യുതി എന്നിവയുടെ നിരക്കിലുള്ള വർദ്ദനവ് എന്നിവ മൂലം കുടുംബശ്രീ ഹോട്ടലുകൾ ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതിനകം സംസ്ഥാനത്ത് ഇരുപതിൽപരം ഹോട്ടലുകൾ പൂട്ടിയിട്ടുണ്ട്.

കുടിശിക തുക ഏകദേശം 30 കോടി രൂപയിലധികം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. യുദ്ധകാലാടിസ്ഥാനത്തിൽ കുടിശിക കൊടുത്തു തീർക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ജനകീയ ഹോട്ടലുകളെ സംരക്ഷിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹിമാൻ വാർഡ് മെമ്പർ സി.എച്ച് സൈനബ എന്നിവരും പങ്കെടുത്തു