തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിനടിയിലെ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് ഡ്രൈവറുടെ തലകുടുങ്ങി

Local News

നെടുങ്കണ്ടം: തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിന്റെ അടിയില്‍ തലകുടുങ്ങിയ ഡ്രൈവര്‍ക്ക് രക്ഷകരായി പ്രദേശവാസികളും അഗ്നിരക്ഷാ സേനയും. മലപ്പുറം സ്വദേശി നിസാര്‍ മുഹമ്മദാണ് (31) ബസിനടിയിലെ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയത്.

ഇന്നലെ രാമക്കല്‍മേട് തോവാളപ്പടിയിലാണ് സംഭവം. മലപ്പുറത്തുനിന്ന് എത്തിയ വിനോദസഞ്ചാരികളുടെ സംഘം രാമക്കല്‍മേട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് വാഹനത്തിന് തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തോവാളപ്പടിയില്‍ റോഡരികില്‍ ബസ് നിര്‍ത്തിയശേഷം ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ച്‌ തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിന്റെ പിന്‍വശത്തെ യന്ത്രഭാഗങ്ങള്‍ക്കിടയില്‍ നിസാറിന്റെ തല കുടുങ്ങുകയായിരുന്നു. വാഹനത്തിന്റെ ബോഡിയും താഴ്ന്നതോടെ ഡ്രൈവര്‍ പൂര്‍ണമായും ബസിനടിയില്‍ കുടുങ്ങി.

ഉടന്‍തന്നെ തോവാളപ്പടി നിവാസികള്‍ വിവരം നെടുങ്കണ്ടം അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയും അഗ്നി രക്ഷാ സേനയും സംഘവും തോവാളപ്പടി നിവാസികളും ചേര്‍ന്ന് ബസ് ഉയര്‍ത്തി നിസാറിനെ അതിവിദഗ്ധമായി രക്ഷപ്പെടുത്തുകയുമായിരുന്നു.