ഒളിംപിക്‌സില്‍ മെഡല്‍ ഉറപ്പിച്ചതോടെ ഒറ്റരാത്രികൊണ്ട് ഇന്ത്യന്‍താരത്തിന്റെ വീട്ടിലേക്കുള്ള റോഡ് ടാറിട്ടു

News

ഗുവാഹത്തി: ഒളിംപിക്സില്‍ മെഡല്‍ ഉറപ്പിച്ചതോടെ ഒറ്റരാത്രികൊണ്ട് ഇന്ത്യന്‍താരത്തിന്റെ വീട്ടിലേക്കുള്ള റോഡ് ടാറിട്ട് അധികൃതര്‍. ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായ ബോക്‌സിങ് താരം ലവ്ലീന ബോര്‍ഗോഹെയ്‌നയുടെ വീട്ടിലേക്കുള്ള റോഡാണ് ടാര്‍ ചെയ്ത് അധികൃതര്‍. വര്‍ഷങ്ങളായി റോഡ് ടാറിടാന്‍ മുറവിളി തുടങ്ങിയിരുന്നെങ്കിലും ആരുംചെവികൊണ്ടിരുന്നില്ല. അസമിലെ ഗോലാഘട്ട് ജില്ലയിലെ ബരോമുഖിയയിലാണ് ലവ്ലീന ബോര്‍ഗോഹെയ്‌നയുടെ വീട്.

എന്നാല്‍ ഒളിബിംക്‌സില്‍ മെഡലുറപ്പിച്ച വാര്‍ത്ത അറിഞ്ഞതോടെ അധികൃതര്‍ വീട്ടിലേക്കുള്ള റോഡ് നന്നാക്കാന്‍ ഓടുകയായിരുന്നു. രാത്രി ഏറെ വൈകിയും ജോലിചെയ്താണ് 3.5 കിലോമീറ്റര്‍ റോഡ് അധികൃതരുടെ നേതൃത്വത്തില്‍ ടാര്‍ ചെയ്തത്.

വര്‍ഷങ്ങളായി നിരവധി തവണ ആവശ്യങ്ങളും പരാതികളും ഉയര്‍ന്നിട്ടും നടക്കാത്ത ടാറിങ്ങാണ് ഒറ്റമെഡല്‍ കൊണ്ടുനടന്നത്. 2016ലും ലവ്ലീനയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നെങ്കിലും 100 മീറ്റര്‍ പൂര്‍ത്തിയാകും മുമ്പെ പണി നിര്‍ത്തിവെച്ചു. ഇതിനുപുറമെ 2019ല്‍ കുപ്വാര സൈനിക ക്യാംപിന് നേരെയുണ്ടായ പാകിസ്താന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ ഹവില്‍ദാര്‍ പദം ബഹദൂര്‍ ശ്രേഷ്ഠയുടെ വീടും ഈ റോഡിനോടു ചേര്‍ന്നാണ്. ഇവിടുത്തുകാര്‍ ആശുപത്രിയിലേക്കുപോലും രോഗികളെ ചുമന്നാണ് കൊണ്ടുപോയിരുന്നത്.